
വാഷിംഗ്ടൺ : യുക്രെയിൻ വിഷയത്തിൽ റഷ്യയുമായുള്ള ബന്ധം വഷളാകുന്നതിനിടെ പുടിന് മുന്നറിയിപ്പുമായി യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. റഷ്യ യുക്രെയിനിലേക്ക് സൈനിക നീക്കം ആരംഭിച്ചാൽ നോർഡ് സ്ട്രീം 2 പൈപ്പ് ലൈൻ ഉണ്ടാകില്ലെന്ന് ബൈഡൻ റഷ്യയ്ക്ക് മുന്നറിയിപ്പ് നൽകി. ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസുമായി കൂടിക്കാഴ്ചയ്ക്ക് ശേഷം വൈറ്റ് ഹൗസിൽ ഇരുവരും നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിനിടെയായിരുന്നു ബൈഡന്റെ പരാമർശം.
 പ്രതികരിക്കാതെ ഷോൾസ്
യുക്രെയിനെ ആക്രമിക്കാൻ മുതിർന്നാൽ നോർഡ് സ്ട്രീം 2 പൈപ്പ് ലൈനിൽ ഉപരോധമേർപ്പെടുത്തുന്നതുൾപ്പെടെ ഗുരുതര പ്രത്യാഘാതങ്ങൾ റഷ്യ നേരിടേണ്ടി വരുമെന്ന് ജർമ്മനി നേരത്തെ സൂചന നൽകിയിരുന്നെങ്കിലും ബൈഡൻ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയിൽ ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ് പ്രതികരിക്കാതെ ഒഴിഞ്ഞുമാറി.
എന്നാൽ, ബൈഡന്റെ പ്രസ്താവന ജർമ്മനി തള്ളിയിട്ടില്ല. തങ്ങളുടെ പ്രധാന സഖ്യകക്ഷിയായ യു.എസിനൊപ്പം യുദ്ധമൊഴിവാക്കാൻ കൂടെയുണ്ടാകുമെന്നാണ് ഒലാഫ് പ്രതികരിച്ചത്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്താൻ വൈകാതെ മോസ്കോയിലേക്ക് പോകുമെന്ന് ഷോൾസ് വ്യക്തമാക്കി. വരുന്ന 14നും 15നും കീവിലും മോസ്കോയിലും ഷോൾസ് ചർച്ച നടത്തുമെന്നാണ് റിപ്പോർട്ട്.
 നോർഡ് സ്ട്രീം 2
വാതകം ഊർജസ്രോതസ് മാത്രമല്ല, ചിലപ്പോൾ അതൊരു രാഷ്ട്രീയ ആയുധമായി മാറിയേക്കാമെന്ന സൂചനയാണ് യുക്രെയിൻ വിഷയത്തിൽ ഇപ്പോൾ പുറത്തുവരുന്നത്. യൂറോപ്പിലേക്ക് റഷ്യയിൽ നിന്ന് പ്രകൃതി വാതകം എത്തിക്കുന്നതിനായി നിർമ്മിച്ചതാണ് 760 മൈൽ നീളമുള്ള നോർഡ് സ്ട്രീം 2 പൈപ്പ് ലൈൻ. 11 ബില്യൺ ഡോളർ ചെലവിൽ അഞ്ച് വർഷം കൊണ്ടാണ് ഈ പൈപ്പ് ലൈൻ പൂർത്തിയാക്കിയത്.
ബാൾട്ടിക് കടലിനടിയിലൂടെ സ്ഥാപിച്ച ഈ ഗ്യാസ് പൈപ്പ് ലൈൻ വഴി യുക്രെയിനെയും പോളണ്ടിനെയും ആശ്രയിക്കാതെ റഷ്യയിൽ നിന്ന് പ്രകൃതി വാതകം ജർമ്മനിയിലെത്തും. കഴിഞ്ഞ സെപ്റ്റംബറിൽ പൂർത്തിയായ പൈപ്പ് ലൈനിലൂടെ വാതക വിതരണം ഇതുവരെ ആരംഭിച്ചിട്ടില്ല. പദ്ധതി മുടങ്ങുന്നത് റഷ്യയ്ക്ക് സാമ്പത്തികമായി കനത്ത തിരിച്ചടിയാകും.
യൂറോപ്യൻ യൂണിയന്റെ വാതക ലഭ്യതയിൽ 41 ശതമാനം റഷ്യയിൽ നിന്നാണ്. റഷ്യയെ സംബന്ധിച്ചിടത്തോളം അവരുടെ വാതക ഇറക്കുമതിയുടെ 60 ശതമാനം യൂറോപ്യൻ യൂണിയനിൽ നിന്നുമാണ്.
അതേ സമയം, നോർഡ് സ്ട്രീം 2 പദ്ധതി അവസാനിപ്പിക്കാൻ ജർമ്മനിയ്ക്ക് ഓസ്ട്രിയ, ബൾഗേറിയ തുടങ്ങിയ അംഗരാജ്യങ്ങളുടെ പിന്തുണയും അനിവാര്യമാണ്. റഷ്യൻ വാതക വിതരണത്തെ വളരെയേറെ ആശ്രയിക്കുന്ന രാജ്യങ്ങളാണിത്.
 പുടിനുമായി കൂടിക്കാഴ്ച നടത്തി മാക്രോൺ
മോസ്കോ : ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി. ചർച്ചയ്ക്കിടെ എല്ലാവർക്കും അനുയോജ്യമായ ഒരു വിട്ടുവീഴ്ചയ്ക്ക് തങ്ങൾ തയാറാണെന്ന് അഞ്ച് മണിക്കൂർ നീണ്ട ചർച്ചയ്ക്കൊടുവിൽ പുടിൻ മാക്രോണിനോട് വ്യക്തമാക്കി. വരും ദിവസങ്ങൾ നിർണായകമാണെന്ന് മാക്രോൺ വ്യക്തമാക്കി. യുക്രെയിൻ വിഷയത്തിൽ ഇതാദ്യമായാണ് പുടിൻ ഒരു പാശ്ചാത്യ നേതാവുമായി മോസ്കോയിൽ കൂടിക്കാഴ്ച നടത്തുന്നത് യുക്രെയിൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായി കൂടിക്കാഴ്ചയ്ക്കായി മാക്രോൺ ഇന്നലെ കീവിൽ എത്തിയിരുന്നു.