varun-nayanar

അടുത്താഴ്ച ആരംഭിക്കുന്ന കേരളത്തിന്റെ രഞ്ജി ട്രോഫി മത്സരങ്ങൾക്ക് വേണ്ടി പ്രഖ്യാപിച്ച ടീമിൽ നാല് പുതുമുഖങ്ങൾക്കാണ് സെലക്ടർമാർ അവസരം നൽകിയത്. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ വരുൺ നായനാർ, ബൗളിംഗ് ഓൾറൗണ്ടർ ഏദൻ ആപ്പിൾ ടോം, ഓപ്പണർ ആനന്ദ് കൃഷ്ണൻ, പേസ് ബൗളർ ഫനൂസ് എന്നിവരാണ് ടീമിൽ ആദ്യമായി ഇടംപിടിച്ചത്.


വരുൺ നായനാർ

കഴിഞ്ഞ ഏതാനും വർഷങ്ങളായി സംസ്ഥാന ജൂനിയർ ടീമിന്റെ നെടുംതൂണുകളിലൊരാളാണ് 19കാരനായ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ വരുൺ നായനാർ. കണ്ണൂർ സ്വദേശിയായ വരുൺ 2019ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന പരമ്പരയിൽ ഇന്ത്യ അണ്ടർ 19 ടീമിൽ ഇടം പിടിച്ചിരുന്നു. അണ്ടർ 19 വിഭാഗത്തിൽ കേരളത്തിന് വേണ്ടി ഇരട്ട സെഞ്ചുറിനേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ക്രിക്കറ്റർ കൂടിയാണ്സ വരുൺ. 2018ലെ കുച്ച ബെഹാർ ട്രോഫിയിൽ സൗരാഷ്ട്രയ്‌ക്കെതിരെയായിരുന്നു വരുണിന്റെ ഉശിരൻ പ്രകടനം. 2018 ലെ അണ്ടർ -19 വിജയ് മർച്ചന്റ് ട്രോഫിയിൽ കേരളത്തിന് വേണ്ടി രണ്ട് സെഞ്ചുറികളും 3 അർദ്ധ സെഞ്ചുറികളും സഹിതം 528 റൺസാണ് വരുൺ അടിച്ചുകൂട്ടിയത്. ആ ടൂർണമെന്റിലെ കേരളത്തിന്റെ ടോപ്പ് സ്കോറർ കൂടിയായിരുന്നു വരുൺ.

edhen-apple-tom

ഏദൻ ആപ്പിൾ ടോം: ഒരു മികച്ച ഫാസ്റ്റ് ബൗളിംഗ് ഓൾറൗണ്ടർ ഏദൻ പത്തനംതിട്ട സ്വദേശിയാണ്. 2020 -21 സീസണിലെ അണ്ടർ - 16 വിജയ് മർച്ചന്റ് ട്രോഫിയിൽ മികച്ച പ്രകടനം നടത്തി ശ്രദ്ധകേന്ദ്രമായ ഈ പതിനേഴുകാരൻ, ഇക്കഴിഞ്ഞ അണ്ടർ - 19 കൂച്ച് ബെഹാർ ട്രോഫിയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ടൂർണമെന്റിൽ കേരളത്തിന് വേണ്ടി 15 വിക്കറ്റുകൾ എടുത്ത് ഏദൻ കേരളത്തിന്റെ മികച്ച വിക്കറ്റ് വേട്ടക്കാരിൽ ഒരാളായിരുന്നു.

anand-krishnan

ആനന്ദ് കൃഷ്ണൻ: ആക്രമണോത്സുകനായ സ്റ്റൈലിഷ് ഇടംകൈയ്യൻ ഓപ്പണറായ ആനന്ദ് കൃഷ്ണൻ കേരളത്തിന്റെ എല്ലാ ജൂനിയർ ടീമുകളിലും തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. കെ സി എ അക്കാഡമി ട്രെയിനി കൂടിയാണ് ഈ മലപ്പുറം സ്വദേശി. അടുത്തിടെ സമാപിച്ച അണ്ടർ 25 അന്തർ സംസ്ഥാന ടൂർണമെന്റിൽ തകർപ്പൻ ഫോമിലായിരുന്ന ആനന്ദ് ബിഹാറിനെതിരെ ഒരു സെഞ്ചുറി നേടിയിരുന്നു.

fanoos

ഫനൂസ്: കേരളത്തിന്റെ എല്ലാ ജൂനിയർ ടീമുകൾക്ക് വേണ്ടിയും സ്ഥിരതയാർന്ന പ്രകടനം കാഴ്ചവച്ചിട്ടുള്ള വലംകൈയൻ ഫാസ്റ്റ് ബൗളറായ ഫനൂസ് തിരുവനന്തപുരം സ്വദേശിയാണ്. അണ്ടർ 25 അന്തർസംസ്ഥാന ടൂർണമെന്റിൽ എട്ട് വിക്കറ്റുകൾ സ്വന്തമാക്കിയ ഫനൂസ് മികച്ച ഫോമിലായിരുന്നു.