avalanche

ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ വടക്ക് കിഴക്കൻ മേഖലയിലുണ്ടായ ഹിമപാതത്തിൽ അകപ്പെട്ട സൈനികർക്ക് വീരമൃത്യു. കഴിഞ്ഞ ഞായറാഴ്ച പട്രോളിംഗ് നടത്തുന്നതിനിടെ ഹിമപാതത്തിൽ പെട്ട ഏഴ് സൈനികർ മരണപ്പെട്ടതായി സ്ഥിരീകരിച്ചു. കമെംഗ് സെക്ടറിലെ ഉയർന്ന മേഖലയിലാണ് അപകടം സംഭവിച്ചത്. മേഖലയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കടുത്ത മഞ്ഞുവീഴ്ചയാണ് അനുഭവപ്പെടുന്നത്. ഭൂട്ടാൻ, ചൈന അതിർത്തികൾക്ക് സമീപം സമുദ്രനിരപ്പിൽ നിന്ന് 14,000 അടി ഉയരത്തിലാണ് കമെംഗ് സെക്ടർ സ്ഥിതി ചെയ്യുന്നത്.

സൈനികർ അപകടത്തിൽ പെട്ടതായുള്ള വിവരം ലഭിച്ചയുടൻ സൈന്യത്തിന്റെ പ്രത്യേക സംഘം എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. എന്നാൽ ജീവനോടെ സൈനികരെ പുറത്തെടുക്കാൻ കഴിഞ്ഞില്ല. ഹിമപാതമുണ്ടായ സ്ഥലത്തുനിന്നും മൃതദേഹങ്ങൾ കണ്ടെടുത്തതായി ഇന്ത്യൻ സൈന്യം അറിയിച്ചു. തവാങ് ജില്ലാ ആസ്ഥാനത്ത് നിന്ന് 100 കിലോമീറ്റർ അകലെയാണ് ചുമേ ഗ്യാറ്റർ പ്രദേശം.


ജമ്മു & കാശ്മീർ റൈഫിൾസിൽ നിന്നുള്ളവരാണ് അപകടത്തിൽ മരണപ്പെട്ട സൈനികർ.
2020 മേയിൽ സിക്കിമിലുണ്ടായ ഹിമപാതത്തിലും രണ്ട് സൈനികർ മരിച്ചിരുന്നു.