
പാലക്കാട്: മലമ്പുഴയിലെ ചെറാട് മലയിൽ കുടുങ്ങിയ യുവാവിനെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. അപകടം സംഭവിച്ചിട്ട് 24 മണിക്കൂർ പിന്നിട്ടു. പാറയിടുക്കിലേക്ക് വീണ് കാലിന് പരിക്കേറ്റ നിലയിൽ യുവാവിനെ കാണാമെങ്കിലും അവിടേക്ക് എത്തിപറ്റുന്നതിന് രക്ഷാപ്രവർത്തകർക്ക് കഴിയുന്നില്ല. യുവാവിനെ രക്ഷപ്പെടുത്താൻ കരസേനയുടെയും വ്യോമസേനയുടെയും സഹായം സർക്കാർ തേടി. ഇന്ന് പകൽ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്ടർ പലവട്ടം രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടെങ്കിലും കനത്ത കാറ്റ് വീശുന്നതിനാൽ യുവാവിനെ രക്ഷിക്കാനായില്ല. യുവാവിനെ രക്ഷപ്പെടുത്താൻ കരസേനയുടെയും വ്യോമസേനയുടെയും സഹായം തേടിയതായി മുഖ്യമന്ത്രി അറിയിച്ചു.
ബാംഗ്ലൂരിൽ നിന്ന് പാരാ റെജിമെന്റൽ സെന്ററിൽ നിന്നുള്ള കമാൻഡോകൾ ഉടൻ പുറപ്പെടും. അവരെ വ്യോമസേനയുടെ വിമാനത്തിൽ സുലൂരിൽ എത്തിക്കും. അവിടെ നിന്നും റോഡ് മാർഗം മലമ്പുഴയിലെത്തും. ഇതിന് പുറമേ കരസേനയുടെ മദ്രാസ് റെജിമെന്റിൽ നിന്നുള്ള 7 പേരടങ്ങുന്ന മറ്റൊരു യൂണിറ്റ് ഊട്ടി വെല്ലിംഗ്ടണിൽ നിന്ന് വൈകിട്ട് 7. 30ന് മലമ്പുഴയിലേക്ക് പുറപ്പെടും. എവറസ്റ്റ് കൊടുമുടി കീഴടക്കിയവർ ഉൾപ്പെടെയുള്ള സംഘമാണ് സംഭവസ്ഥലത്തേക്ക് തിരിക്കുന്നത്. ഇന്ന് രാത്രി യുവാവിനെ രക്ഷിക്കാനായില്ലെങ്കിൽ നാളെ പകൽ നടക്കുന്ന രക്ഷാപ്രവർത്തനത്തിൽ വ്യോമസേനയും പങ്കുചേരും.