sachin-sehwag

മുംബയ്: ഇന്നലെ നടന്ന പ്രൈം വോളിബാളിൽ കരുത്തരായ കാലിക്കറ്റ് ഹീറോസിനെ തറപറ്റിച്ച കൊൽക്കത്ത തണ്ടർബോൾട്ടിന്റെ പ്രകടനം ഏവരെയും ആകർഷിച്ചിരുന്നു. ഇരു ടീമുകളും ഒപ്പത്തിനൊപ്പം പോരാടിയെങ്കിലും കൊൽക്കത്ത താരങ്ങളുടെ ശാരീരിക മികവ് ഒരുപടി മുന്നിലായിരുന്നെന്ന് മത്സരത്തിന്റെ പല സന്ദർഭങ്ങളിലും തോന്നിപ്പിച്ചിരുന്നു. കൊൽക്കത്ത താരങ്ങളുടെ മികച്ച ശാരീരികക്ഷമതയ്ക്ക് കാരണം മറ്റാരുമല്ല, അവരുടെ ഫിസിയോ ഡോ അദ്നാൻ ബദർ തന്നെ.

അന്താരാഷ്ട്ര ക്രിക്കറ്റർമാരായ സച്ചിൻ ടെൻഡുൽക്കർ, യുവരാജ് സിംഗ്, വിരേന്ദർ സെവാഗ്, സഹീർ ഖാൻ എന്നിവർക്കൊപ്പം വിവിധ കാലഘട്ടങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള ഡോ അദ്നാൻ നിലവിൽ പ്രൈം വോളിബാളിൽ കൊൽക്കത്ത ടീമിന്റെ ഫിസിയോ ആയി പ്രവർത്തിക്കുകയാണ്.

dr-adnan

സച്ചിനെയും സെവാഗിനെയും പോലുള്ളവരെ ട്രെയിൻ ചെയ്യിപ്പിച്ചത് തന്റെ ജീവിതത്തിലെ മറക്കാനാകാത്ത നിമിഷങ്ങളിലൊന്നായിരുന്നെന്ന് ഡോ അദ്നാൻ പറഞ്ഞു. സച്ചിനും സെവാഗും ക്രീസിൽ നിൽക്കുമ്പോൾ ഇരുവരുടെയും ബാറ്റിംഗ് ശൈലി കണ്ടാൽ തിരിച്ചറിയാൻ ബുദ്ധിമുട്ടാണെങ്കിലും ഡ്രെസിംഗ് റൂമിൽ എത്തിയാൽ ഇരുവരുടെയും ഇടയിൽ വലിയൊരു വ്യത്യാസമുണ്ടെന്ന് ഡോ അദ്നാൻ പറഞ്ഞു. സെവാഗ് കളിച്ച് ചിരിച്ച് ഡ്രെസിംഗ് റൂമിൽ ഒരു ഓളം ഉണ്ടാക്കുമെങ്കിൽ സച്ചിൻ എത്തിയാൽ വലിയൊരു നിശബ്ദതയായിരിക്കും ആ അന്തരീക്ഷം മുഴുവനെന്ന് ഡോക്ടർ പറഞ്ഞു. ആ നിശബ്ദത സച്ചിൻ എന്ന കളിക്കാരന് മറ്റ് താരങ്ങൾ നൽകുന്ന ബഹുമാനത്തിനുള്ള ഉദാഹരണമാണെന്നും പുതുമുഖങ്ങൾ മുതൽ മുതിർന്ന കളിക്കാർ വരെ സച്ചിനെ വളരെയേറെ ബഹുമാനിക്കുമായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പണ്ടൊരിക്കൽ സച്ചിനെയും സെവാഗിനെയും ട്രെയിൻ ചെയ്യുന്ന സമയത്ത് നടന്ന രസകരമായ ഒരു സംഭവവും അദ്ദേഹം ഓർത്തെടുത്തു. ഇരുവർക്കും താൻ കഠിനമായ ചില എക്സർസൈസുകൾ നൽകിയെന്നും കുറച്ചു കഴിഞ്ഞപ്പോൾ ഇരുവരും തന്റെ അടുക്കൽ വന്നിട്ട് തങ്ങൾ അത്ര ചെറുപ്പമല്ലെന്നും യുവാക്കൾക്ക് നൽകുന്ന എക്സർസൈസുകൾ നൽകരുതെന്നും കുറച്ച് കരുണ കാണിക്കണമെന്നും പറഞ്ഞതായി ഡോ അദ്നാൻ ഓ‌ർത്തെടുത്തു.