insat-4-b

ചെന്നൈ: വിവര വിനിമയ ഉപഗ്രഹമായ ഇൻസാറ്റ് 4 ബി ഐ.എസ്.ആർ.ഒ വിജയകരമായി ഡീകമ്മീഷൻ ചെയ്തു. ഐക്യരാഷ്ട്ര സഭയുടെയും ഇന്റർ ഏജൻസി സ്‌പേസ് ഡെബ്രിസ് കോർഡിനേഷൻ കമ്മിറ്റിയുടേയും മാനദണ്ഡങ്ങൾ പാലിച്ച് ജനുവരി 24 നായിരുന്നു ഡീകമ്മീഷൻ.

കൃത്യമായ ആസൂത്രണത്തിലൂടെയും കുറ്റമറ്റ നിർവഹണത്തിലൂടെയുമാണ് ഇൻസാറ്റ് 4ബി നിർമ്മാർജനം ചെയ്തതതെന്നും ബഹിരാകാശ പ്രവർത്തനങ്ങളുടെ സുരക്ഷയും സുസ്ഥിരതയും ഉറപ്പാക്കാനുള്ള ബഹിരാകാശ ഏജൻസിയുടെ മറ്റൊരു ശ്രമമാണിതെന്നും ഐ.എസ്.ആർ.ഒ പറഞ്ഞു.

2007 മാർച്ച് 12നാണ് 3025 കിലോ ഭാരമുള്ള ഇൻസാറ്റ് 4ബി വിക്ഷേപിച്ചത്. ഏരിയൻ സ്‌പേസിന്റെ ഏരിയൻ 5 റോക്കറ്റിലായിരുന്നു വിക്ഷേപണം. 14 വർഷം ഭ്രമണപഥത്തിൽ തുടർന്നു. ഇൻസാറ്റ് 4ബിയിലെ സി ബാൻഡ് കെയു ( Ku) ബാൻഡ് ഫ്രീക്വൻസികൾ മറ്റ് ജിസാറ്റുകളിലേക്ക് മാറ്റിയതിന് ശേഷമാണ് ഡീകമ്മീഷൻ ആരംഭിച്ചത്. പോസ്റ്റ് മിഷൻ ഡിസ്‌പോസലിന് (പി.എം.ഡി) വിധേയമാകുന്ന ഇന്ത്യയുടെ 21ാമത് ജിയോസ്‌റ്റേഷനറി ഉപഗ്രഹമാണിത്.

ഐ.എ.ഡി.സിയുടെ മാർഗ നിർദേശങ്ങൾ അനുസരിച്ച് ബഹിരാകാശ വസ്തുക്കളുടെ കാലാവധി കഴിയുമ്പോൾ അവയെ നൂറ് വർഷത്തിനുള്ളിൽ തിരികെയെത്താത്ത വിധത്തിൽ ജിയോ ബെൽറ്റിന് മുകളിലേക്ക് ഉയർത്തണം. അതിന് വേണ്ടി കുറഞ്ഞത് 273 കിലോമീറ്റർ ദൂരത്തേക്കാണ് കൃത്രിമോപഗ്രഹം ഉയർത്തേണ്ടത്. 2022 ജനുവരി 17 മുതൽ 23 വരെ 11 തവണയായി നടത്തിയ ഭ്രമണപഥ ക്രമീകരണങ്ങളിലൂടെയാണ് ഇൻസാറ്റ് 4ബി 273 കിലോമീറ്റർ ദൂരത്തേക്ക് ഉയർത്തിയത്.