df

മുംബയ്: ഏഷ്യയിലെ അതിസമ്പന്നരുടെ പട്ടികയിൽ മുകേഷ് അംബാനിയെ രണ്ടാം സ്ഥാനത്തേക്ക് തള്ളി ഗൗതം അദാനി ഒന്നാമതെത്തി. ബ്ലൂംബർഗിന്റെ അതിസമ്പന്നരുടെ പട്ടികയിലാണ് 59കാരനായ ഗൗതം അദാനി ഒന്നാമതെത്തിയത്.

അദാനിക്കിപ്പോൾ 88.5 ബില്യൺ ഡോളറിന്റെ ആസ്തിയാണ് ഉള്ളത്. 600 ദശലക്ഷം ഡോളറിന്റെ വ്യത്യാസമാണ് അദാനിയും അംബാനിയും തമ്മിലുള്ളത്. 12 ബില്യൺ ഡോളറിന്റെ വളർച്ചയാണ് അദാനിയുടെ ആസ്തിയിൽ ഒരു വർഷത്തിനുള്ളിൽ ഉണ്ടായത്.

അതേസമയം അംബാനിയുടെ ആസ്തി ഇടിഞ്ഞു. 2.07 ബില്യൺ ഡോളറിന്റെ കുറവാണ് കഴിഞ്ഞവർഷം ഇതേ ദിവസത്തെ അപേക്ഷിച്ച് അംബാനിയുടെ ആസ്തിയിൽ ഉണ്ടായത്. ലോകത്തെ അതിസമ്പന്നരുടെ പട്ടികയിൽ ഇപ്പോൾ 11-ാം സ്ഥാനത്താണ് മുകേഷ് അംബാനി.

കഴിഞ്ഞ വർഷം നവംബറിൽ മുകേഷ് അംബാനി അദാനിയേക്കാൾ മുന്നിലായിരുന്നു. 2.2 ബില്യൺ ഡോളർ ആസ്തിയാണ് മുകേഷ് അംബാനിക്ക് അധികമായി ഉണ്ടായിരുന്നത്. ഒരു വർഷത്തിനിടെ റിലയൻസ് ഇൻഡസ്ട്രീസ് ഓഹരി വില 18.5 ശതമാനം ഉയർന്നു. അതേസമയം ഗൗതം അദാനിയുടെ അദാനി എന്റർപ്രൈസസ് ഓഹരി മൂല്യത്തിൽ 170 ശതമാനത്തിന്റെ വർദ്ധനവുണ്ടായി.