
ചെന്നൈ: കന്യാകുമാരിയിൽ നിന്ന് ലഡാക്ക് വരെ ഏറ്റവും കുറഞ്ഞ സമയത്തിൽ സഞ്ചരിച്ച് റെക്കാഡിട്ടിരിക്കുകയാണ് ഗ്രാവ്ട്ടൺ മോട്ടോഴ്സിന്റെ ഇന്ത്യൻ നിർമിത ഇലക്ട്രിക്ക് സ്കൂട്ടറായ ക്വാണ്ട. വെറും 164 മണിക്കൂറും 30 മിനിട്ടും എടുത്താണ് ഗ്രാവ്ട്ടൺ സംഘം കന്യാകുമാരിയിൽ നിന്ന് ലഡാക്കിലെ ഖാർദുംഗ് ലാ വരെ യാത്ര ചെയ്തത്. അതായത് ഏകദേശം ആറര ദിവസമാണ് ഇവർ ഈ യാത്രക്ക് വേണ്ടി എടുത്തത്. ഏറ്റവും കുറഞ്ഞ സമയം കൊണ്ട് കന്യാകുമാരി - ലഡാക്ക് യാത്ര പൂർത്തിയാക്കിയതിന്റെ റെക്കാഡും ഇതോടുകൂടി ഈ സ്കൂട്ടറിന് സ്വന്തമായി. ഏഷ്യാ ബുക്ക് ഒഫ് റെക്കാഡ്സിലാണ് സ്കൂട്ടറിന്റെ നേട്ടം രേഖപ്പെടുത്തിയിരിക്കുന്നത്.
4011 കിലോമീറ്റർ യാത്രക്കിടെ ഒരിക്കൽ പോലും സ്കൂട്ടർ റീചാർജ് ചെയ്യുന്നതിന് വേണ്ടി ഇവർ വാഹനം നിർത്തിയിരുന്നില്ല. പകരം വാഹനത്തിന്റെ ബാറ്ററി മാറ്റുകയായിരുന്നു ചെയ്തുകൊണ്ടിരുന്നത്. തങ്ങളുടെ ഇ സ്കൂട്ടർ ദീർഘദൂര യാത്രകളിൽ എത്രത്തോളം മികച്ചതാണെന്ന് ജനങ്ങളെ ബോദ്ധ്യപ്പെടുത്തുന്നതിന് വേണ്ടിയായിരുന്നു ഗ്രാവ്ട്ടൺ ഇത്തരമൊരു യാത്ര സംഘടിപ്പിച്ചത്. നാലായിരത്തിൽ കൂടുതൽ കിലോമീറ്റർ ഒറ്റയടിക്ക് സഞ്ചരിച്ചിട്ടും സ്കൂട്ടറിന്റെ പ്രവർത്തനത്തിൽ യാതൊരു ബുദ്ധിമുട്ടും അനുഭവപ്പെട്ടില്ലെന്നും വാഹനം ഓടിച്ചവർക്കും ശാരീരിക പ്രയാസങ്ങൾ ഒന്നും തന്നെ തോന്നിയില്ലെന്നും കമ്പനി അധികൃതർ വ്യക്തമാക്കി.
3400 കിലോമീറ്ററുകൾ സഞ്ചരിച്ച ശേഷം മണാലിയിൽ എത്തിയശേഷം മാത്രമാണ് ഗ്രാവ്ട്ടൺ ടീം വിശ്രമിച്ചതെന്നും അത് അവരുടെ ശരീരം കാലാവസ്ഥയുമായി പൊരുത്തപ്പെടുന്നതിന് വേണ്ടി മാത്രമായിരുന്നെന്നും കമ്പനി അറിയിച്ചു. ക്വാണ്ട സ്കൂട്ടറിന് മണിക്കൂറിൽ 70 കിലോമീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കാൻ സാധിക്കുമെന്നും എക്കണോമി മോഡിൽ ഒറ്റ ചാർജിൽ 150 കിലോമീറ്ററും, സിറ്റി മോഡിൽ 110 കിലോമീറ്ററും, സ്പോർട്സ് മോഡിൽ 85 കിലോമീറ്ററും ദൂരം സഞ്ചരിക്കാൻ സാധിക്കുമെന്നാണ് ഗ്രാവ്ട്ടണിന്റെ അവകാശവാദം.