
കാഠ്മണ്ഡു : അയൽരാജ്യങ്ങളുടെ അതിർത്തിയിൽ കൈയേറ്റ ശ്രമങ്ങൾ നടത്തുക എന്നത് ചൈനയുടെ സ്ഥിരം സ്വഭാവമാണ്. അയൽക്കാരുമായുള്ള ബന്ധം നല്ലതും മോശവുമായ അവസ്ഥയൊന്നും ഇതിൽ അവർ കാര്യമാക്കാറില്ല. ഇപ്പോഴിതാ നേപ്പാളിന്റെ മണ്ണും ചൈന കയ്യേറുന്നതായി റിപ്പോർട്ടുകൾ. നേപ്പാൾ സർക്കാരിൽ നിന്നും ചോർന്ന റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ബിബിസിയാണ് നേപ്പാളിൽ ചൈന കൈയേറ്റം നടത്തുന്നതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇതാദ്യമായാണ് നേപ്പാൾ ചൈനീസ് അതിക്രമത്തെ കുറിച്ച് ഔദ്യോഗികമായി രേഖ തയ്യാറാക്കിയത്. നേപ്പാളിന്റെ പടിഞ്ഞാറൻ ഭാഗത്തുള്ള ഹംല ജില്ലയിൽ കഴിഞ്ഞ വർഷം സെപ്തംബറിൽ ചൈന കയ്യേറ്റം നടത്തിയെന്ന് രേഖ വ്യക്തമാക്കുന്നു. തുടർന്ന് ഹംല ജില്ലയിലേക്ക് കാര്യങ്ങൾ പഠിക്കുന്നതിനായി നേപ്പാൾ ഒരു ടാസ്‌ക് ഫോഴ്സിനെ അയച്ചു. ലാലുങ്‌ജോംഗിലെ നേപ്പാൾ അതിർത്തിയിൽ ചൈനീസ് സുരക്ഷാ സേന പ്രവർത്തനങ്ങൾ ശക്തമാക്കിയതായും, ഇവിടെ നേപ്പാളിലെ കർഷകരുടെ ഇടപെടലുകളെ നിയന്ത്രിക്കുന്നതായും കണ്ടെത്തി. ഇതേതുടർന്ന് ഇവിടെ സുരക്ഷ ഉറപ്പാക്കാൻ നേപ്പാൾ സുരക്ഷാ സേനയെ നിയോഗിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.