
ജക്കാർത്ത: ആറ് വർഷമായി ശരീരത്തിൽ കുടുങ്ങിയ ടയറുമായി ജീവിച്ച മുതല ഒടുവിൽ സ്വതന്ത്രനായി.! ഇന്തോനേഷ്യയിലാണ് സംഭവം. 2016ൽ സുലവേസി ദ്വീപിലെ പാലു നഗരത്തിലെ ജനങ്ങളാണ് പാലു നദിയിൽ സാൾട്ട്‌വാട്ടർ ഇനത്തിൽപ്പെട്ട ഈ മുതലയെ കണ്ടെത്തിയത്. മോട്ടർബൈക്ക് ടയർ മുതലയുടെ കഴുത്തിൽ കുരുങ്ങിയ നിലയിലായിരുന്നു. പരിസ്ഥിതി പ്രവർത്തകർ അന്ന് മുതൽ ഈ മുതലയെ പിടികൂടി ടയർ വേർപെടുത്താനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും ഇപ്പോഴാണ് അത് യാഥാർത്ഥ്യമായത്.
17 അടി നീളമുള്ള ഈ മുതല തിങ്കളാഴ്ച രാത്രിയോടെ ഒരു പ്രദേശവാസിയുടെ കെണിയിലാണ് അകപ്പെട്ടത്. കോഴിയിറച്ചിയാണ് മുതലയെ ആകർഷിക്കാൻ കെണിയിൽ സ്ഥാപിച്ചിരുന്നത്. കെണിയിൽ വീണ മുതലയെ നാട്ടുകാർ ചേർന്ന് കരയിലെത്തിച്ച് ടയർ വേർപെടുത്തി തിരികെ നദിയിലേക്ക് തന്നെ അയച്ചു.
നദിയിൽ അപൂർവമായി പ്രത്യക്ഷപ്പെട്ടിരുന്ന ഈ മുതല ഇതിന് മുന്നേ കെണിയിൽപ്പെട്ടിരുന്നെങ്കിലും അത് തകർത്ത് രക്ഷപ്പെട്ടിരുന്നു. 30 ലധികം മുതലകൾ നിലവിൽ ഈ നദിയിലുണ്ട്. മുതലയെ കെണിയിൽ വീഴ്ത്തി ടയർ വേർപെടുത്തുന്നവർക്ക് 2020ൽ പ്രാദേശിക ഭരണകൂടം പാരിതോഷികം പ്രഖ്യാപിച്ചിരുന്നെങ്കിലും സുരക്ഷാ കാരണങ്ങൾ മുൻനിറുത്തി തീരുമാനം ഉപേക്ഷിച്ചു.