pvl

ഹൈദാരാബാദ്: അവസാനം വരെ നാടകീയത നിറഞ്ഞ പ്രൈം വോളിബാള്‍ ലീഗിന്റെ നാലാം മത്സരത്തില്‍ ബംഗളൂരു ടോര്‍പ്പിഡോസ് രണ്ടിനെതിരെ മൂന്നു സെറ്റുകള്‍ക്ക് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിനെ തോല്‍പിച്ചു. ആദ്യരണ്ടു സെറ്റുകള്‍ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് സ്വന്തമാക്കിയപ്പോള്‍ മൂന്നും നാലും സെറ്റുകള്‍ നേടി ബെംഗളൂരു ടോര്‍പ്പിഡോസ് വിജയനിര്‍ണയം അഞ്ചാം സെറ്റിലേക്ക് നീട്ടി. 13-11ന് ലീഡ് നേടിയ ശേഷമാണ് അഞ്ചാം സെറ്റില്‍ കൊച്ചി തോല്‍വി വഴങ്ങിയത്. സ്‌കോര്‍: 14-15, 12-15, 15-13, 15-9, 15-14. രണ്ടു സെറ്റ് പിന്നില്‍ നിന്ന ശേഷം ബംഗളൂരിന്റെ വന്‍ തിരിച്ചുവരവിന് നേതൃത്വം നൽകിയ രഞ്ജിത് സിങ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.

ബെംഗളൂരു ടോര്‍പ്പിഡോസ് രണ്ടു പോയിന്റ് ലീഡുമായി തുടങ്ങിയ ആദ്യ സെറ്റില്‍ 12ാം പോയിന്റ് വരെ അവര്‍ക്കായിരുന്നു ലീഡ്. സ്‌കോര്‍ 6-12ല്‍ നില്‍ക്കെ ക്യാപ്റ്റന്‍ കാര്‍ത്തിക്കിന്റെയും കോള്‍ട്ടണ്‍ കോവലിന്റെയും മികവില്‍ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് ഉജ്വലമായി തിരിച്ചെത്തി ആദ്യ സെറ്റ് നേടി. 10-10 വരെ ഒപ്പത്തിനൊപ്പമായിരുന്ന രണ്ടാം സെറ്റില്‍ സൂപ്പര്‍ പൊയിന്റുകളാണ് കൊച്ചിക്ക് അനുകൂലമായത്. സമനില ഭേദിച്ച ബംഗളൂരുവിനെ പിടിക്കാന്‍ കൊച്ചി സൂപ്പര്‍പൊയിന്റ് വിളിച്ചു. ടീം നിരാശപ്പെടുത്തിയില്ല. സ്‌കോര്‍ 12-11. പിന്നാലെ ബംഗളൂരു സൂപ്പര്‍ പൊയിന്റ് വിളിച്ചു. പക്ഷേ ഗെയിം ജയിച്ചത് കൊച്ചി. മൂന്ന് പോയിന്റുകള്‍ തുടരെ ചേര്‍ത്ത കൊച്ചി രണ്ടാം സെറ്റും സ്വന്തമാക്കി.

എറിന്‍ വര്‍ഗീസിന്റെ തകര്‍പ്പന്‍ സ്‌പൈക്കില്‍ 6-4ന് ലീഡ് നേടിയതോടെ മൂന്നാം സെറ്റിലും കൊച്ചി ടീം ആധിപത്യം തുടര്‍ന്നു. എന്നാല്‍ ശക്തമായി തിരിച്ചുവന്ന ബംഗളൂരു, എട്ടാം പൊയിന്റില്‍ ആദ്യമായി ലീഡെടുത്തു. 13ാം പൊയിന്റില്‍ ബ്ലൂ സ്‌പൈക്കേഴ്‌സ് അവരെ ഒപ്പം പിടിച്ചു. എന്നാല്‍ തുടര്‍ച്ചയായ രണ്ടു പൊയിന്റുകള്‍ ബംഗളൂരുവിന് കളിയിലെ ആദ്യസെറ്റ് സമ്മാനിച്ചു. നാലാം സെറ്റിന്റെ തുടക്കത്തില്‍ തന്നെ മൂന്ന് പോയിന്റ് ലീഡ് നേടിയ ബംഗളൂരു ബ്ലൂ സ്‌പൈക്കേഴ്‌സിന് ഒരു അവസരവും നല്‍കിയില്ല. കരുത്തുറ്റ സ്മാഷുകളും ബ്ലോക്കുകളുമായി അവര്‍ മുന്നേറ്റം തുടര്‍ന്നു. 8-11ല്‍ നില്‍ക്കെ കൊച്ചി വിളിച്ച സൂപ്പര്‍ പൊയിന്റും ബംഗളൂരുവിന് അനുകൂലമായി. സ്‌പൈക്കേഴ്‌സ് പൊയിന്റ് 9ല്‍ നില്‍ക്കെ ടോര്‍പ്പിഡോസ് സെറ്റ് അക്കൗണ്ടിലാക്കി.

ക്യാപ്റ്റന്‍ കാര്‍ത്തിക്കിന്റെ മിന്നുന്ന സ്‌പൈക്കിലൂടെ ബ്ലൂ സ്‌പൈക്കേഴ്‌സ് അവസാന സെറ്റില്‍ 5-1ന് ലീഡ് നേടി. ടോര്‍പ്പിഡോസ് തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും എറിന്‍ വര്‍ഗീസിന്റെ അതിശയിപ്പിക്കുന്ന സ്‌പൈക്ക് കൊച്ചിയുടെ ലീഡ് നിലനിര്‍ത്തി. എന്നാല്‍ നിര്‍ണായകമായ സൂപ്പര്‍ പൊയിന്റ് നേടിയ ബെംഗളൂരു സ്‌കോര്‍ 13-13 എന്ന നിലയില്‍ സമനിലയിലാക്കി. ഇരു ടീമുകളും ഓരോ പൊയിന്റ് വീതം നേടിയതിന് പിന്നാലെ തകര്‍പ്പന്‍ സ്മാഷിലൂടെ ബംഗളൂരു സെറ്റും വിജയവും സ്വന്തമാക്കി.

നാളത്തെ മത്സരത്തില്‍ കാലിക്കറ്റ് ഹീറോസ് അഹമ്മദാബാദ് ഡിഫന്റേഴ്‌സിനെ നേരിടും. വൈകിട്ട് 7ന് ഹൈദാരാബാദിലെ ഗച്ചിബൗളി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് മത്സരം.