
ലണ്ടൻ : ആനകളിൽ കാണപ്പെടുന്ന മാരക വൈറസിനെതിരെ ലോകത്താദ്യമായി വാക്സിൻ ട്രയൽ ആരംഭിച്ച് ഇംഗ്ലണ്ടിലെ യൂണിവേഴ്സിറ്റി ഒഫ് സറി. ' എൻഡോതെലിയോട്രോപിക് ഹെർപ്സ് ( ഇ.ഇ.എച്ച്.വി )" എന്ന വൈറസിനെതിരെയുള്ള വാക്സിന്റെ പരീക്ഷണമാണ് നടക്കുന്നത്. 85 ശതമാനമാണ് ഈ വൈറസിന്റെ മരണനിരക്ക്. 1990ലാണ് ഈ വൈറസിനെ കണ്ടെത്തിയത്. 1985 മുതൽ യൂറോപ്യൻ മൃഗശാലകളിലെ 52 ശതമാനവും 1980 മുതൽ വടക്കേ അമേരിക്കൻ മൃഗശാലകളിലെ 50 ശതമാനവും ആനകളുടെ മരണം ഈ വൈറസ് മൂലമാണെന്ന് പഠന റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
ആനകളുടെ പ്രതിരോധവ്യവസ്ഥയെ ഈ വൈറസ് നേരിടുന്നതിന് പ്രാപ്തമാക്കുന്ന തരത്തിലെ വാക്സിനാണ് പരീക്ഷണഘട്ടത്തിലുള്ളത്. ചെസ്റ്റർ മൃഗശാലയിലെ ആനകളിലാണ് നിലവിൽ ട്രയൽ നടക്കുന്നത്. കുട്ടിയാനകളെയാണ് സാധാരണ ഈ വൈറസ് വേഗത്തിൽ പിടികൂടുന്നത്. ആന്തരിക രക്തസ്രാവത്തിന് കാരണമാകുന്ന ഈ വൈറസുകളുടെ രക്തത്തിലെ സാന്നിദ്ധ്യം തിരിച്ചറിയാൻ വൈകുന്നതും ആനകളെ മരണത്തിലേക്ക് നയിക്കുന്നു. 20 വയസുള്ള ' ഓംഗ് ബോ " എന്ന ആനയെ ആണ് വാക്സിൻ ട്രയലിന് ആദ്യം വിധേയമാക്കിയത്.