
പാലക്കാട്: ചെറാട് മലയിൽ കുടുങ്ങിയ ബാബുവിനെ രക്ഷിക്കുന്നതിന് സൈന്യം താഴ്‌വരയിൽ എത്തിച്ചേർന്നു. യുവാവിനെ രക്ഷിക്കുന്നതിനുള്ള വിശദമായ പദ്ധതി സൈന്യം തയ്യാറാക്കിയെന്നും അതനുസരിച്ച് ആദ്യം ബാബുവിന് ഭക്ഷണവും വെള്ളവും എത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. നാളെ രാവിലെ ബംഗളൂരുവിൽ നിന്നുള്ള പാരാ ഗ്ലൈഡിംഗ് സംഘം എത്തുമെന്നും അവർ എത്തിച്ചേരുന്നത് വരെ ബാബുവിന്റെ ജീവൻ നിലനിർത്താനാണ് ശ്രമം.
ഇന്ന് രാത്രി തന്നെ സൈന്യം ബാബുവിന് വേണ്ട ഭക്ഷണവും വെള്ളവുമായി മല കയറും. മലയുടെ മുകളിൽ എൻ ഡി ആർ എഫിന്റെ ഒരു സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. ഇവരോടൊപ്പം ക്യാമ്പ് ചെയ്യാനാണ് സൈന്യത്തിന്റെ പദ്ധതി. വടം ഉപയോഗിച്ച് ബാബു ഇരിക്കുന്ന സ്ഥലത്ത് എത്തിച്ചേർന്ന് ഭക്ഷണവും വെള്ളവും നൽകാനാണ് സൈന്യത്തിന്റെ പദ്ധതിയെന്ന് അറിയുന്നു. സാഹചര്യങ്ങൾ അനുകൂലമല്ലാത്തതിനാൽ ഈയവസരത്തിൽ യുവാവിനെ താഴെയിറക്കാൻ ശ്രമിക്കുന്നത് യുക്തിസഹമായിരിക്കില്ലെന്നാണ് സൈന്യത്തിന്റെ നിലപാട്.
പാറയിടുക്കിലേക്ക് വീണ് കാലിന് പരിക്കേറ്റ നിലയിൽ യുവാവിനെ കാണാമെങ്കിലും അവിടേക്ക് എത്തിപറ്റുന്നതിന് രക്ഷാപ്രവർത്തകർക്ക് കഴിയുന്നില്ല. യുവാവിനെ രക്ഷപ്പെടുത്താൻ കരസേനയുടെയും വ്യോമസേനയുടെയും സഹായം സർക്കാർ തേടിയിരുന്നു. ഇന്ന് പകൽ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്ടർ പലവട്ടം രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടെങ്കിലും കനത്ത കാറ്റ് വീശുന്നതിനാൽ യുവാവിനെ രക്ഷിക്കാനായില്ല.