
പോത്തൻകോട്: സംഘം ചേർന്ന് മദ്യപിക്കുന്നതിനിടെയുണ്ടായ സംഘർഷത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ക്രിമിനൽ കേസ് പ്രതി മരിച്ചു. കൊലപാതകം ഉൾപ്പെടെ 45ഓളം കേസുകളിൽ പ്രതിയായ ശ്രീകാര്യം പോങ്ങുംമൂട് ബാപ്പുജി നഗർ തൃക്കേട്ടയിൽ മെന്റൽ ദീപു എന്ന ദീപുവാണ് (39) ഇന്നലെ രാവിലെ മരിച്ചത്.
കഴിഞ്ഞ ബുധനാഴ്ച രാത്രി 11ന് കഴക്കൂട്ടം ചന്തവിളയിലെ കടത്തിണ്ണയിൽവച്ച് ഗുണ്ടകൾ തമ്മിലുണ്ടായ അടിപിടിക്കിടെ കല്ലും ബിയർ കുപ്പിയും കൊണ്ടുള്ള ആക്രമണത്തിൽ ദീപുവിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
അക്രമവുമായി ബന്ധപ്പെട്ട് അയിരൂപ്പാറ സ്വദേശികളായ കുട്ടൻ, കല്ലിക്കോട് ഗിരീഷെന്ന സ്റ്റീഫൻ, ശാസ്തവട്ടം സ്വദേശി പ്രവീൺ, കിളിമാനൂർ സ്വദേശി ലിബിൻ എന്നിവരെ പോത്തൻകോട് പൊലീസ് നേരത്തെ അറസ്റ്റുചെയ്തിരുന്നു. വസ്തുവില്പനയുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. ചന്തവിളയിലെ ആക്രമണത്തിന് മുമ്പ് കഴക്കൂട്ടം പുല്ലാനിവിളയ്ക്ക് സമീപത്ത് നടന്ന മദ്യ സത്കാരത്തിനിടെയുണ്ടായ സംഭവങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചത്. ഗുണ്ടാ സംഘങ്ങളെ സഹായിക്കാറുള്ളയാളിൽ നിന്ന് പണം വാങ്ങാനാണ് അയിരൂപ്പാറ കുട്ടനും സംഘവും മെന്റൽ ദീപുവുമായി പുല്ലാനിവിളയിലെത്തിയത്.
ഇവിടെയുണ്ടായ തർക്കത്തിനിടെ ദീപു ഒരാളെ കുത്തിപ്പരിക്കേല്പിച്ചതിനെച്ചൊല്ലി ആദ്യം കൂട്ടത്തല്ലുണ്ടായി. ഇവിടെ നിന്ന് പിരിഞ്ഞുപോയ ശേഷമുണ്ടായ വാക്കുതർക്കത്തിനിടെയാണ് സംഘാംഗങ്ങൾ ദീപുവിനെ തലയ്ക്കടിച്ചതെന്ന് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന നെടുമങ്ങാട് ഡിവൈ.എസ്.പി വെളിപ്പെടുത്തി. കൊലക്കുറ്റം ചുമത്തിയതോടെ പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്ത് തെളിവെടുപ്പ് നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. കഴക്കൂട്ടത്തെ അക്രമ സംഭവത്തിൽ ദീപുവും കുട്ടനും ഉൾപ്പെടെയുള്ളവർ പ്രതികളാണ്. ഈ സംഭവത്തിലെ പ്രതികളെയും കഴക്കൂട്ടം പൊലീസ് ഉടൻ കസ്റ്റഡിയിൽ വാങ്ങും.
പ്ലസ് ടു വരെ പഠിച്ച ദീപു, കെ.എസ്.ആർ.ടി.സി റിട്ട. മെക്കാനിക്ക് പരേതനായ ടി. ശശികുമാറിന്റെയും സീതയുടെയും ഏക മകനാണ്. വീട്ടിൽ സ്വന്തമായി വെൽഡിംഗ് വർക്ക്ഷോപ്പ് നടത്തിവരികയായിരുന്നു. റൂറൽ എസ്.പി ദിവ്യാ ഗോപിനാഥിന്റെ നിർദ്ദേശപ്രകാരം നെടുമങ്ങാട് ഡിവൈ.എസ്.പിയുടെ മേൽനോട്ടത്തിൽ പോത്തൻകോട് സി.ഐ ശ്യാം, എസ്.ഐ വിനോദ് വിക്രമാദിത്യൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ഫോട്ടോ: മരിച്ച മെന്റൽ ദീപു