
പാലക്കാട്: യുവാവ് മലയിടുക്കിൽ കുടുങ്ങിയിട്ട് 40 മണിക്കൂർ പിന്നിട്ടു. ചെറാട് സ്വദേശി റഷീദയുടെ മകൻ ബാബുവാണ് (23) അപകടത്തിൽപ്പെട്ടത്. രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്. സൈന്യം ബാബുവിന് 200 മീറ്റർ അകലെ എത്തി. ലഫ്റ്റനന്റ് കേണൽ ഹേമന്ദ് രാജ് യുവാവുമായി സംസാരിച്ചു.
ബാബു വെള്ളം ചോദിച്ചു. കുടിവെള്ളമെത്തിക്കാൻ തീവ്ര ശ്രമത്തിലാണ്. ചെന്നൈയിൽ നിന്നുള്ള ഡ്രോൺ സംഘവും ഉടൻ എത്തും. ഒന്‍പത് പേരടങ്ങുന്ന സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിനായി മലകയറിയത്. ഇന്നലെ രാത്രി മലകയറിയ പ്രത്യേക ദൗത്യസംഘം പുലര്‍ച്ചയോടെയാണ് ബാബുവിനരികിലെത്തിയത്.
ബാബുവും രണ്ട് സുഹൃത്തുക്കളും തിങ്കളാഴ്ച രാവിലെയാണ് മലകയറിയത്. കുത്തനെയുള്ള മല കയറാൻ കഴിയാത്തതിനാൽ സുഹൃത്തുക്കൾ പാതിയിൽ തിരിച്ചിറങ്ങി. ബാബു മുകളിലേക്ക് കയറുകയും ചെയ്തു. ഉച്ചയോടെ തിരിച്ചിറങ്ങവേയാണ് കാൽവഴുതി മലയിടുക്കിലേക്ക് വീണത്. സ്വയം ഫോൺ ചെയ്ത് പറഞ്ഞതനുസരിച്ച് സുഹൃത്തുക്കൾ എത്തി വള്ളിയും മരക്കൊമ്പും ഇട്ടുകൊടുത്ത് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇവർ മലയിറങ്ങി നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. ബാബു തന്നെയാണ് വിവരം പൊലീസിനെ വിളിച്ച് അറിയിച്ചത്. വീഴ്ചയിൽ ഇടത് കാലിന്റെ മുട്ടിന് പരിക്കേറ്റിട്ടുണ്ട്.