
പാലക്കാട്: മലയിടുക്കിൽ കുടുങ്ങിയ മലമ്പുഴ ചേറാട് സ്വദേശി ബാബുവിന്റെ ആരോഗ്യനില തൃപ്തികരമെന്ന് രക്ഷാപ്രവർത്തകർ. ബാബുവുമായി സംസാരിച്ചെന്ന് ട്രക്കിംഗ് വിദഗ്ദ്ധൻ അറിയിച്ചു. ബാബു വെള്ളം ചോദിച്ചിരുന്നു. ഉടൻ വെള്ളം എത്തിക്കാനാകുമെന്നും, പേടിക്കേണ്ടെന്നും സൈന്യം മറുപടി നൽകി.
രക്ഷാദൗത്യവഴിയിൽ കരടിയടക്കമുള്ള വന്യമൃഗങ്ങൾ ഉണ്ട്. മൂന്ന് കരടികളെ കണ്ടുവെന്ന് സൈനികർ അറിയിച്ചു. ഡ്രോൺ ഉപയോഗിച്ച് ബാബുവിനെ നിരീക്ഷിക്കുന്നുണ്ട്. രാവിലെ മലയിടുക്കിൽ ഇരിക്കുന്ന യുവാവിന്റെ ചിത്രങ്ങൾ പുറത്തുവന്നു. ഫോറസ്റ്റ് വാച്ചർമാരും മലമുകളിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
രക്ഷാപ്രവർത്തകർ വൈകാതെ ബാബുവിന്റെ അടുത്തെത്തും. വെല്ലിംഗ്ടണിൽ നിന്നുള്ള കരസേനാ സംഘത്തിൽ പർവതാരോഹകരുമുണ്ട്. പുലർച്ചെ 23 ഡിഗ്രി സെൽഷ്യസാണ് മലമ്പുഴയിലെ താപനില. അതേസമയം ബാബു മലയിടുക്കിൽ കുടുങ്ങിയിട്ട് 41 മണിക്കൂർ പിന്നിട്ടു. പതിനൊന്നുമണിയോടെ താഴെയിറക്കാൻ കഴിയുമെന്നാണ് രക്ഷാപ്രവർത്തകരുടെ പ്രതീക്ഷ.