babu

പാലക്കാട്: മലമ്പുഴയിലെ മലയിടുക്കിൽ കുടുങ്ങിയ ബാബുവിനെ രക്ഷിക്കാൻ തീവ്രശ്രമം. സമാനതകളില്ലാത്ത രക്ഷാദൗത്യമാണ് മലമ്പുഴയിൽ നടക്കുന്നത്. ഒരാൾക്കായി കേരളത്തിൽ നടക്കുന്ന ഏറ്റവും വലിയ രക്ഷാപ്രവർത്തനമാണിത്.

കരസേനയുടെ രണ്ട് യൂണിറ്റുകളാണ് സ്ഥലത്തുള്ളത്. ബാബുവിന് 200 മീറ്റര്‍ അടുത്ത് സൈന്യം എത്തിയെന്നാണ് വിവരം. ദൗത്യസംഘം ചേറാട് കുമ്പാച്ചി മലയുടെ മുകളിലാണ് ഇപ്പോൾ ഉള്ളത്. ഒരു സംഘം കയർ ഉപയോഗിച്ച് താഴോട്ട് ഇറങ്ങുകയാണ്. കയർ ഉപയോഗിച്ച് മറ്റൊരു സംഘം മുകളിലേക്ക് കയറുകയാണ്.

ഡ്രോൺ ദൃശ്യങ്ങൾ സൈന്യം പരിശോധിക്കുന്നുണ്ട്. യുവാവിനെ ഇന്നുതന്നെ താഴെയിറക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് രക്ഷാപ്രവർത്തകർ. ഹെലികോപ്ടർ ഉടൻ സ്ഥലത്തെത്തും. ബാബു മലയിടുക്കിൽ കുടുങ്ങിയിട്ട് 45 മണിക്കൂർ പിന്നിടുകയാണ്.

തിങ്കളാഴ്ച രാവിലെയാണ് ബാബുവും സുഹൃത്തുക്കളും മല കയറിയത്. തളർന്ന സുഹൃത്തുക്കൾ പകുതിയെത്തിയപ്പോൾ തിരിച്ചിറങ്ങി. ബാബു മുകളിലേക്ക് കയറുകയും ചെയ്തു. ഉച്ചയോടെ തിരിച്ചിറങ്ങവേയാണ് കാൽവഴുതി മലയിടുക്കിലേക്ക് വീണത്. ബാബു തന്നെയാണ് ഫോണിലൂടെ വിവരം സുഹൃത്തുക്കളെയും പൊലീസിനെയും അറിയിച്ചത്.