gitanjali-rao

ചെന്നൈ: ശാസ്ത്രലോകത്തെ വനിതകളുടെയും പെൺകുട്ടികളുടെയും ആഗോള ദിനം (ഇന്റർനാഷണൽ ഡേ ഒഫ് വിമെൻ ആൻഡ് ഗേൾസ് ഇൻ സയൻസ്) ആഘോഷിക്കുന്നതിനായി, ഹൈദരാബാദ്, കൊൽക്കത്ത, മുംബൈ എന്നിവിടങ്ങളിലെ യു.എസ്. കോൺസുലേറ്റുകളുടെ സഹകരണത്തോടെ ചെന്നൈയിലെ യു.എസ്. കോൺസുലേറ്റ് ജനറൽ ഫെബ്രുവരി 11 വൈകിട്ട് 6:45ന് സംഘടിപ്പിക്കുന്ന ചടങ്ങിൽ ഇന്ത്യൻ-അമേരിക്കൻ യുവ ശാസ്ത്രജ്ഞ ഗീതാഞ്ജലി റാവു പങ്കെടുക്കുന്നു. ഇന്ത്യയിലെ യു.എസ്. മിഷൻ നടത്തുന്ന “ഡയസ്പോറ ഡിപ്ലോമസി” പരമ്പരയിലെ ആറാമത്തെ പരിപാടിയാണ് ഈ വെർച്വൽ പ്രോഗ്രാം. അമേരിക്കൻ ചലച്ചിത്ര നയതന്ത്ര പ്രോഗ്രാമായ “അമേരിക്കൻ ഫിലിം ഷോകേസ്” മുഖേന “സെർച്ച് ഓൺ: പോസിറ്റീവ് കറന്റ്” എന്ന അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വ ചലച്ചിത്രവും ചടങ്ങിൽ പ്രദർശിപ്പിക്കും. ഗീതാഞ്ജലിയുടെ കണ്ടുപിടുത്തങ്ങളിലൊന്നായ ജലത്തിലെ ഈയ മലിനീകരണം തിരിച്ചറിയാൻ കഴിയുന്ന മൊബൈൽ ഉപകരണത്തെക്കുറിച്ചുള്ളതാണ് ഈ ഹ്രസ്വ ചിത്രം.

"വാട്ടർ ഗേൾ ഓഫ് ഇന്ത്യ" എന്ന പേരിലറിയപ്പെടുന്ന ബംഗളൂരു ആസ്ഥാനമായുള്ള പരിസ്ഥിതി പ്രവർത്തക ഗർവിത ഗുൽഹാത്തിയാണ് പരിപാടിയിൽ ഗീതാഞ്ജലിയെ അഭിമുഖം ചെയ്യുക. "വൈ വേസ്റ്റ്" എന്ന സ്ഥാപനത്തിന്റെ സ്ഥാപകയുമാണ് ഗർവിത. സയൻസ്, ടെക്നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്സ് (സ്‌റ്റെം) എന്നീ വിഷയങ്ങളിൽ അഭിനിവേശമുള്ള ഇന്ത്യൻ-അമേരിക്കക്കാരിയാണ് ഗീതാഞ്ജലി. ഇന്ത്യയുൾപ്പെടെ ലോകമെമ്പാടുമുള്ള യുവാക്കൾക്കായി നടത്തുന്ന സ്‌റ്റെം വർക്ക്‌ഷോപ്പുകളും നൂതനാശയങ്ങളും കണക്കിലെടുത്ത് 2020ൽ ആദ്യമായി ടൈം മാഗസിൻ “കിഡ് ഓഫ് ദ ഇയർ” ആയി ഗീതാഞ്ജലി റാവുവിനെ നാമകരണം ചെയ്തിരുന്നു. സ്‌റ്റെം മേഖലയിൽ പ്രവർത്തിക്കുന്ന പെൺകുട്ടികൾക്ക് ലോകത്തെ എങ്ങനെ മാറ്റാൻ കഴിയും എന്നതിനെക്കുറിച്ച് തന്റെ കാഴ്ചപ്പാട് പങ്കിടുന്നതിനൊപ്പം, അമേരിക്കയിലെ പഠനാവസരങ്ങളെക്കുറിച്ചും അമേരിക്കൻ സ്കൂളുകളിലെ സ്‌റ്റെം വിദ്യാഭ്യാസത്തെക്കുറിച്ചും ഗീതാഞ്ജലി ചടങ്ങിൽ സംസാരിക്കും.

ഡയസ്പോറ ഡിപ്ലോമസി പ്രഭാഷണ പരമ്പരയുടെ ഭാഗമായി ശാസ്ത്രലോകത്തെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അന്താരാഷ്ട്ര ദിനാചരണവേളയിൽ ഗീതാഞ്ജലി റാവുവിനെ അതിഥിയായി ലഭിച്ചതിൽ തങ്ങൾ ആവേശഭരിതരാണെന്ന് ചെന്നൈയിലെ യു.എസ്. കോൺസൽ ജനറൽ ജൂഡിത്ത് റേവിൻ പറഞ്ഞു. “ആഗോള പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി യുവാക്കൾക്ക്, പ്രത്യേകിച്ച് പെൺകുട്ടികൾക്ക്, അവരുടെ ഭാവി തൊഴിലിൽ സ്‌റ്റെം വിഷയങ്ങൾ പരിഗണിക്കുന്നതിന് പ്രചോദനമാകുന്ന നേട്ടങ്ങൾ കൈവരിച്ച ഗീതാഞ്ജലിയെ ഇന്ത്യയിലെ യു.എസ്. മിഷനെ പ്രതിനിധീകരിച്ച് അഭിനന്ദിക്കുന്നു. സ്‌റ്റെം വിദ്യാഭ്യാസത്തിലും സ്‌റ്റെം മേഖലയുടെ നവീകരണത്തിലും യുണൈറ്റഡ് സ്റ്റേറ്റ്സ് മുൻപന്തിയിലാണ്. യുണൈറ്റഡ് സ്റ്റേറ്റ്സിൽ പഠിച്ച് സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കി മാറ്റാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു,” കോൺസുൽ ജനറൽ ജൂഡിത്ത് കൂട്ടിച്ചേർത്തു.

ജീവിതത്തിന്റെ വിവിധ തുറകളിൽ നേട്ടം കൊയ്ത ഇന്ത്യൻ-അമേരിക്കൻ വംശജർ തങ്ങളുടെ വിജയ യാത്രകളെക്കുറിച്ച് സംസാരിക്കാൻ അതിഥി പ്രഭാഷകരായി എത്തുന്ന പരിപാടിയാണ് ഡയസ്പോറ ഡിപ്ലോമസി. ഇന്ത്യൻ-അമേരിക്കൻ സമൂഹം ബിസിനസ്സ്, പാണ്ഢിത്യം, രാഷ്ട്രീയം, ബഹിരാകാശം, കലകൾ എന്നിങ്ങനെ വിവിധ മേഖലകളിൽ അമേരിക്കയ്ക്ക് നൽകിയ അസാധാരണ സംഭാവനകൾ ഈ പരിപാടിയിൽ ഉയർത്തിക്കാട്ടുന്നു.

ശാസ്ത്രജ്ഞയും എഴുത്തുകാരിയും പ്രഭാഷകയും ലോകമെമ്പാടും സ്‌റ്റെം വിദ്യാഭ്യാസത്തിൻറെ സജീവ പ്രചാരകയുമാണ് ഗീതാഞ്ജലി റാവു. ജലത്തിലെ ഈയ മലിനീകരണം തുടക്കത്തിൽ തന്നെ കണ്ടെത്തുന്നതിനുള്ള ഉപകരണമായ ടെത്തിസിന്റെ കണ്ടുപിടുത്തത്തിന് അമേരിക്കയിലെ ഏറ്റവും മികച്ച യുവ ശാസ്ത്രജ്ഞയായി അംഗീകരിക്കപ്പെട്ട അവർ, യു.എസ് എൻവയോൺമെന്റൽ പ്രൊട്ടക്ഷൻ ഏജൻസി പ്രസിഡൻഷ്യൽ അവാർഡിനും അർഹയായിരുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, നാച്ചുറൽ ലാംഗ്വേജ് പ്രോസസ്സിംഗ് എന്നിവ ഉപയോഗിക്കുന്ന കൈൻഡ്‌ലി എന്ന ആന്റി-സൈബർ ബുള്ളിയിംഗ് സേവനം ഗീതാഞ്ജലിയുടെ കണ്ടുപിടുത്തമാണ്. 2019-ൽ ശാസ്ത്രലോകത്തിലെ പ്രതിഭാധനരായ മുപ്പത് വയസിൽ താഴെയുള്ളവരുടെ “ഫോർബ്‌സ് 30 അണ്ടർ 30” പട്ടികയിൽ ഇടം പിടിച്ച ഗീതാഞ്ജലിയെ ടൈം മാഗസിൻ “ടോപ്പ് യംഗ് ഇന്നൊവേറ്റർ” ആയും സ്‌റ്റെം വിദ്യാഭ്യാസ രീതിയുടെ പ്രചാരണത്തിന് ആദ്യമായി “കിഡ് ഓഫ് ദി ഇയർ” ആയും നാമകരണം ചെയ്തിരുന്നു. ഇതിന് പിന്നാലെ ഹോളിവുഡ് താരവും സാമൂഹിക പ്രവർത്തകയുമായ ആഞ്ജലീന ജോളി ടൈം മാഗസിനുവേണ്ടി ഗീതാഞ്ജലിയുമായി നടത്തിയ അഭിമുഖം ഏറെ ശ്രദ്ധ നേടിയിരുന്നു.ടൈം മാഗസിനിന്റെ കോൺട്രിബ്യൂട്ടിംഗ് എഡിറ്ററാണ് ആഞ്ജലീന ജോളി. അക്കാദമി അവാർഡ് നേടിയ താരം അഭയാർത്ഥികൾക്കായുള്ള യു.എൻ. ഹൈക്കമ്മീഷണറുടെ പ്രത്യേക പ്രതിനിധിയുമാണ്.

സ്വയം വികസിപ്പിച്ചെടുത്ത അഞ്ച്-ഘട്ട നവീകരണ പ്രക്രിയയിലൂടെ വിദ്യാർത്ഥികളെയും അധ്യാപകരെയും നയിക്കുന്ന “എ യംഗ് ഇന്നൊവേറ്റേഴ്‌സ് ഗൈഡ് ടു സ്‌റ്റെം” എന്ന പുസ്തകത്തിന്റെ രചയിതാവാണ് ഗീതാഞ്ജലി. കെനിയയിലെ കകുമ അഭയാർത്ഥി ക്യാമ്പ് സ്കൂളുകളിലും ഘാനയിലെ ഏതാനും ഹൈസ്കൂളുകളിലും ഈ പുസ്തകം സ്‌റ്റെം പാഠ്യപദ്ധതിയായി സ്വീകരിച്ചിരുന്നു. 2021-ൽ പ്രുഡൻഷ്യൽ അമേരിക്കയിലെ മികച്ച യൂത്ത് വോളണ്ടിയർമാരിൽ ഒരാളായി ഗീതാഞ്ജലിയെ ആദരിക്കുകയും സാമൂഹിക പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ ശാസ്ത്രം ഉപയോഗിച്ചതിന് യൂനിസെഫ് യൂത്ത് അഡ്വക്കെറ്റായി നിയമിക്കുകയും ചെയ്തു. സ്‌റ്റെം വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിന് “നാഷണൽ ജിയോഗ്രാഫിക് യംഗ് എക്സ്പ്ലോറർ” എന്ന നിലയിൽ ഗീതാഞ്ജലിക്ക് അടുത്തിടെ ഗ്രാന്റും ലഭിച്ചിരുന്നു. ആറ് ഭൂഖണ്ഡങ്ങളിലും 37 രാജ്യങ്ങളിലുമായി കഴിഞ്ഞ രണ്ട് വർഷങ്ങളിലായി 58,000 വിദ്യാർത്ഥികളാണ് ഗീതാഞ്ജലിയുടെ ശിൽപ്പശാലകളിൽ പങ്കെടുത്തിട്ടുള്ളത്.