
ന്യൂഡൽഹി: പിൻസീറ്റിൽ നടുവിലായി ഇരിക്കുന്നവർക്ക് ഉൾപ്പടെ മുഴുവൻ യാത്രക്കാർക്കും ധരിക്കാനുള്ള സീറ്റ് ബെൽറ്റ് കാറുകളിൽ ഘടിപ്പിക്കണമെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം വാഹനനിർമാതാക്കൾക്ക് ഉടൻ നിർദേശം നൽകും. കാറുകളിൽ ത്രീ പോയിന്റ് സേഫ്റ്റി സീറ്റ് ബെൽറ്റ് അഥവാ വൈ ആകൃതിയിലെ ബെൽറ്റ് ഘടിപ്പിക്കാനാണ് നിർദേശം നൽകുന്നത്. ഇതു സംബന്ധിച്ച കരടുമാർഗരേഖ ഈ മാസം പുറത്തിറങ്ങും.
നിലവിൽ ഇന്ത്യയിൽ നിർമിക്കുന്ന മിക്കവാറും കാറുകളിലും മുന്നിലിരിക്കുന്നവർക്കും പിന്നിലിരിക്കുന്ന രണ്ടുപേർക്കും മാത്രമാണ് ത്രീ പോയിന്റ് സേഫ്റ്റി സീറ്റ് ബെൽറ്റ് നൽകിയിരിക്കുന്നത്. ചുരുക്കം ചിലതിൽ മാത്രം നടുവിലും സുരക്ഷാ ബെൽറ്റ് കാണാറുണ്ട്. ചിലതിൽ വയറിന് കുറുകെയായി ധരിക്കുന്ന ലാപ് ബെൽറ്റുകളാണ് പിന്നിലിരിക്കുന്നവർക്കായി കാണപ്പെടാറുള്ളത്. നിലവിൽ പിന്നിലിരിക്കുന്നവർ സീറ്റ് ബെൽറ്റ് ധരിക്കാത്തത് കുറ്റകരമല്ല. എന്നാൽ പുതിയ നിർദേശം പ്രാബല്യത്തിൽ വരുമ്പോൾ ഇത് നിർബന്ധമായും ധരിക്കേണ്ടി വരും.
സ്വീഡിഷ് കാർ നിർമാതാക്കളായ വോൾവോ ആദ്യമായി അവതരിപ്പിച്ച ത്രീ പോയിന്റ് സേഫ്റ്റി സീറ്റ് ബെൽറ്റ് ലാപ് ബെൽറ്റിനേക്കാൾ ഏറെ സുരക്ഷിതമാണെന്ന് കണ്ടെത്തിയിരുന്നു. കാറുകൾ സുരക്ഷിതമാക്കാനുള്ള സർക്കാരിന്റെ രണ്ടാമത്തെ പദ്ധതിയാണിത്. കാറുകളിൽ ആറ് എയർ ബാഗുകൾ സർക്കാർ അടുത്തിടെ നിർബന്ധമാക്കിയിരുന്നു. ഇത് സംബന്ധിച്ച കരട് വിജ്ഞാപനം ജനുവരി 14ന് ഗതാഗത മന്ത്രാലയം പുറത്തിറക്കിയിരുന്നു. ഒക്ടോബർ ഒന്ന് മുതൽ ഈ നിയമം പ്രാബല്യത്തിൽ വരും. ഇന്ത്യയിലെ യാത്രക്കാരിൽ 90 ശതമാനം പേരും സീറ്റ് ബെൽറ്റ് ധരിക്കാറില്ലെന്ന് അധികാരികൾ പറയുന്നു.