
പാലക്കാട്: മലമ്പുഴയിലെ മലയിടുക്കിൽ കുടുങ്ങിക്കിടന്ന തന്നെ രക്ഷിച്ച സൈനികർക്ക് നന്ദി പറഞ്ഞ് ബാബു. 'വെരി താങ്ക്‌സ് ഇന്ത്യൻ ആർമി, ഇന്ത്യൻ ആർമി കീ ജയ്, ഭാരത് മാതാ കീ ജയ്' എന്ന് പറഞ്ഞുകൊണ്ട് ബാബു സൈനികർക്ക് മുത്തം നൽകുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. ദീപക്, ബാല എന്നീ ഉദ്യോഗസ്ഥരാണ് രക്ഷാദൗത്യം വിജയിക്കാൻ കാരണമായത്.
സമാനതകളില്ലാത്ത രക്ഷാദൗത്യത്തിനാണ് കേരളം സാക്ഷിയായത്. നാൽപത്തിയാറ് മണിക്കൂറുകൾക്ക് ശേഷമാണ് ബാബുവിനെ പുറത്തെത്തിച്ചത്. യുവാവിന് കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ല. കാലിൽ ചെറിയ പരിക്കുണ്ടെന്ന് കരസേന വക്താവ് അറിയിച്ചു.
രക്ഷാദൗത്യത്തിൽ പങ്കെടുത്തവർക്ക് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും അടക്കമുള്ളവർ നന്ദി അറിയിച്ചു. മലമ്പുഴ രക്ഷാദൗത്യം വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞത് അഭിമാന നിമിഷമാണെന്ന് മന്ത്രി കെ രാജൻ പ്രതികരിച്ചു.