
പാലക്കാട്: കഴിഞ്ഞ രണ്ട് ദിവസമായി മലമ്പുഴയിലെ മലയിടുക്കിൽ കുടുങ്ങിയ ബാബുവിനായുള്ള പ്രാർത്ഥനയിലായിരുന്നു കേരള ജനത. നാൽപത്തിയഞ്ച് മണിക്കൂറോളം നീണ്ട ആശങ്കയ്‌ക്കൊടുവിൽ ഇന്ന് രാവിലെ പത്തുമണിയോടെയാണ് യുവാവിനെ രക്ഷപ്പെടുത്തിയത്.
സമാനതകളില്ലാത്ത രക്ഷാദൗത്യത്തിനാണ് കേരളം സാക്ഷ്യംവഹിച്ചത്. സൈന്യവും, എൻഡിആർഎഫും, പൊലീസും, ആന്റി ടെററിസ്റ്റ് ടീമും, നാട്ടുകാരുമെല്ലാം ഒരേ മനസോടെ പ്രയത്‌നിക്കുകയായിരുന്നു. കാലാവസ്ഥയും ഭൂപ്രകൃതിയും രക്ഷാപ്രവർത്തനത്തിന് തടസം സൃഷ്ടിച്ചുകൊണ്ടേയിരുന്നു. സൈന്യം എത്തിയതോടെ എല്ലാം വേഗത്തിലായി.
യുവാവിന്റെ വിവരങ്ങൾ അറിയാൻ സദാസമയവും ഡ്രോൺ നിരീക്ഷണമുണ്ടായിരുന്നു. അത്യാധുനിക സൗകര്യങ്ങളുമായാണ് സൈന്യം എത്തിയത്. ചെങ്കുത്തായ മല ആയതുകൊണ്ട് തന്നെ രക്ഷാപ്രവർത്തനം നടത്തുന്നവരിൽ മുൻപരിചയമുള്ള ആളുകളേയും ആവശ്യമായിരുന്നു. അതിനാൽ തന്നെ എവറസ്റ്റ് കീഴടക്കിയ രണ്ടു പേരും ഇവർക്കൊപ്പമുണ്ടായിരുന്നു. കൂടാതെ പർവതാരോഹകരും, മൂന്ന് ഡോക്ടർമാർ ഉൾപ്പെടുന്ന സംഘവും സജ്ജമായിരുന്നു.
രക്ഷാപ്രവർത്തകർ റോപ്പ് കെട്ടിയാണ് ബാബുവിന്റെ അരികിലേക്ക് എത്തിയത്. ദൗത്യസംഘം ബാബുവിനെ സുരക്ഷാ ബെൽറ്റും ഹെൽമറ്റും ധരിപ്പിച്ച് മുകളിലേക്ക് ഉയർത്തുകയായിരുന്നു. യുവാവിനെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചിട്ടുണ്ട്.