malala-yousafzai

ന്യൂഡൽഹി: കർണാടകയിൽ ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥിനികളെ ക്ളാസിൽ കയറാൻ അനുവദിക്കാത്തതിൽ രാജ്യത്തുടനീളം വൻ പ്രതിഷേധം ഉയരുന്നതിനിടെ വിഷയത്തിൽ പ്രതികരിച്ച് നൊബേൽ ജേതാവായ മലാല യൂസഫ്‌സായി. പെൺകുട്ടികളെ ഹിജാബിന്റെ പേരിൽ സ്കൂളുകളിൽ കയറാൻ അനുവദിക്കാത്തത് ഭയാനകമാണെന്ന് മലാല പ്രതികരിച്ചു.

വസ്ത്രത്തിന്റെ പേരിൽ സ്ത്രീകളെ ആക്ഷേപിക്കുന്നത് ഇപ്പോഴും നിലനിൽക്കുന്നുവെന്നും ഇന്ത്യൻ നേതാക്കൾ മുസ്‌ലിം സ്ത്രീകളെ പാർശ്വവത്കരിക്കുന്നത് അവസാനിപ്പിക്കണമെന്നും മലാല ആവശ്യപ്പെട്ടു.

“College is forcing us to choose between studies and the hijab”.

Refusing to let girls go to school in their hijabs is horrifying. Objectification of women persists — for wearing less or more. Indian leaders must stop the marginalisation of Muslim women. https://t.co/UGfuLWAR8I

— Malala (@Malala) February 8, 2022

കഴിഞ്ഞ ജനുവരി ഒന്നിനാണ് ഉഡുപ്പിയിലെ സർക്കാർ പ്രീ യൂണിവേഴ്സിറ്റി കോളേജിൽ ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥിനികൾക്ക് ക്ളാസിൽ കയറാൻ അധികൃതർ അനുമതി നിഷേധിച്ചത്. വിദ്യാർത്ഥികളുടെ യൂണിഫോമിൽ പുതിയ നയം ഏർപ്പെടുത്തിയതാണ് ഹിജാബ് ധരിച്ചെത്തിയ ആറ് വിദ്യാർത്ഥിനികളെ ക്ളാസിൽ കയറാൻ അനുവദിക്കാതിരുന്നതിന് പിന്നിലെ കാരണമായി കോളേജ് അധികൃതർ വ്യക്തമാക്കിയത്. ഹിജാബ് മാറ്റിയാൽ മാത്രമേ ക്ളാസിൽ കയറാൻ അനുവദിക്കുകയുള്ളൂവെന്നും ഇത് സംബന്ധിച്ച് ഹൈക്കോടതി വിധി വന്ന ശേഷം മാത്രം ക്ളാസിൽ എത്തിയാൽ മതിയെന്നും പ്രിൻസിപ്പാൾ അറിയിച്ചതായി വിദ്യാർത്ഥിനികൾ പറഞ്ഞു. സംഭവത്തിന് പിന്നാലെ ഉഡുപ്പിയിലെ മറ്റ് സർക്കാർ കോളേജുകളിൽ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു.

ഉഡുപ്പി കുണ്ടപുര കോളേജിലെ 28 വിദ്യാർത്ഥികളെയാണ് ഹിജാബ് ധരിച്ചെത്തിയെന്ന പേരിൽ പ്രവേശിക്കാൻ അനുവദിക്കാതിരുന്നത്. ക്ളാസിനുള്ളിൽ ഹിജാബ് ധരിക്കുന്നത് നിഷേധിക്കുന്ന സർക്കാരിന്റെ പുതിയ മാർഗനിർദേശം ചൂണ്ടിക്കാട്ടിയായിരുന്നു കോളേജ് അധികൃതരുടെ നടപടി. സംഭവത്തിൽ സംസ്ഥാനത്തുടനീളം പല ഭാഗത്തുനിന്നും ശക്തമായ പ്രതിഷേധം ഉയ‌ർന്നിരുന്നു. മുസ്‌ലിം വിദ്യാർത്ഥിനികൾ ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെ ചില കോളേജുകളിൽ ഹിന്ദു സംഘങ്ങൾ ആൺകുട്ടികളെ കാവിഷാൾ ധരിക്കാൻ നിർബന്ധിച്ചുവെന്ന് പരാതി ഉയർന്നു. കർണാടക ഉഡുപ്പി മഹാത്മ ഗാന്ധി കോളേജിൽ കാവി തലപ്പാവും ഷാളുമണിഞ്ഞെത്തിയ സംഘപരിവാർ സംഘടനയിൽപ്പെട്ട വിദ്യാർത്ഥികൾ ഹിജാബ് ധരിക്കുന്നതിനെതിരെ പ്രതിഷേധിച്ചു. ഹിജാബ് നിരോധിക്കുന്നതുവരെ കാവി ഷാളും തലപ്പാവും ധരിക്കുമെന്ന് ഇവർ വ്യക്തമാക്കിയിരുന്നു. ഒന്നാം വർഷ പരീക്ഷയെഴുതാൻ ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥിനികളെ അകത്ത് കയറ്റിയെന്നാരോപിച്ചാണ് വിദ്യാർത്ഥികൾ കാവി ഷാളും തലപ്പാവും അണിഞ്ഞെത്തിയത്. തങ്ങൾക്കും സമത്വം വേണമെന്നും ഈ വേഷം ധരിച്ചുകൊണ്ടുതന്നെ പരീക്ഷയെഴുതാൻ അനുവദിക്കണമെന്നുമാണ് ഇവർ ആവശ്യപ്പെട്ടത്.