car

ന്യൂഡൽഹി: വേൾഡ് കാ‌ർ അവാർഡിന്റെ അന്തിമപട്ടികയിൽ ഇടംപിടിച്ച് റെനോ കൈഗറും ഫോക്സ്‌വാഗൺ തൈഗുണും. പൂർണമായും ഇന്ത്യയിൽ നിർമിച്ചു എന്നത് മാത്രമല്ല ഈ വാഹനങ്ങളുടെ പ്രത്യേകത, മറിച്ച് ഇന്ത്യയിലെ വാഹനവിപണിയെ ലക്ഷ്യമാക്കിയാണ് ഈ രണ്ട് വാഹനങ്ങളുടെയും ഡിസൈൻ പോലും തയ്യാറാക്കിയത്. ഇന്ത്യക്കാർക്ക് വാഹനങ്ങൾ നി‌ർമിക്കാനറിയില്ലെന്ന പാശ്ചാത്യലോകത്തിന്റെ മുൻധാരണകൾക്കുള്ള ഉത്തരം കൂടിയാണ് ഈ രണ്ട് വാഹനങ്ങൾ.

2022 വേൾഡ് അർബൻ കാർ വിഭാഗത്തിലാണ് കൈഗറും തൈഗുണും ഇടംപിടിച്ചിരിക്കുന്നത്. മൊത്തം അഞ്ച് വാഹനങ്ങളാണ് ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടിയത്. ഡാച്ചിയ സാൻഡെറോ, ഒപൽ മൊക്ക, ടൊയോട്ട യാരിസ് ക്രോസ് എന്നിവയാണ് ഈ വിഭാഗത്തിലെ അന്തിമപട്ടികയിൽ ഇടംപിടിച്ച മറ്റ് വാഹനങ്ങൾ. ഇതിൽ സാൻഡെറോ മാത്രമാണ് ഹാച്ച്ബാക്ക് കാർ ആയിട്ടുള്ളത്. മൊക്കയും കൈഗറും സബ് കോംപാക്ട് എസ് യു വി വിഭാഗത്തിലും യാരിസ് ക്രോസും തൈഗുണും കോംപാക്ട് എസ് യു വി വിഭാഗത്തിലുമുള്ള വാഹനങ്ങളാണ്.

പൂർണമായും ഇന്ത്യയിൽ നിർമിക്കുന്ന കൈഗർ ഇതിനോടകം തന്നെ ദക്ഷിണാഫ്രിക്ക മുതലായ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാൻ ആരംഭിച്ചിട്ടുണ്ട്. അതേസമയം തൈഗൂൺ മെക്സിക്കോ മുതലായ ഏതാനും ചില ദക്ഷിണ അമേരിക്കൻ രാജ്യങ്ങളിലേക്ക് ഉടൻ കയറ്റുമതി ആരംഭിക്കുമെന്ന് നിർമാതാക്കളായ ഫോക്സ്‌വാഗൺ അറിയിച്ചിരുന്നു. ഇതിന് മുമ്പ് ഹ്യുണ്ടായി സാൻട്രോ, മാരുതി സുസുക്കി മോഡലുകളായ സ്വിഫ്റ്റ്, ഇഗ്‌നിസ് എന്നീ വാഹനങ്ങളും പുരസ്കാരപട്ടികയുടെ അന്തിമ റൗണ്ടിലേക്ക് യോഗ്യത നേടിയിരുന്നു.