
കൂർക്കം വലികൊണ്ട് എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല. പക്ഷെ ചിലപ്പോഴൊക്കെ അതൊരു പ്രശ്നമാകാറുണ്ട്. ഒപ്പം കിടന്നുറങ്ങുന്നവരുടെ കളിയാക്കലിനും അരിശത്തിനുമപ്പുറം ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കിയേക്കാം. ഇങ്ങനെ പ്രശ്നങ്ങളുണ്ടാക്കുന്ന കൂർക്കംവലിയെ പറയുന്ന പേരാണ് 'ഒബ്സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ'.
കൂർക്കം വലിയുണ്ടാകാനുള്ള പ്രധാന കാരണം തൊണ്ടയുടെ മുകൾഭാഗത്തുള്ള ദശകളുടെ അമിതമായ വളർച്ചയാണ്. എന്തെങ്കിലും അസുഖങ്ങൾ മൂലം ഈ ഭാഗത്തുള്ള മസിലുകൾക്ക് തകരാറുണ്ടായാൽ ആഹാരം കഴിക്കുമ്പോൾ പോലും പ്രശ്നങ്ങളുണ്ടായേക്കാം. സാധാരണഗതിയിൽ അമിതമായ ശരീരഭാരം ഉള്ളവരിലാണ് കൂർക്കം വലിയും അതിനോടനുബന്ധിച്ച പ്രശ്നങ്ങളും ഉണ്ടാകുന്നത്. സാധാരണ നമ്മളെല്ലാവരും ഉറങ്ങുമ്പോൾ ശ്വാസകോശത്തിലെ മസിലുകൾ റിലാക്സ് ചെയ്യും. എന്നാൽ ഇത്തരക്കാരിൽ ഈ മസിലുകൾ റിലാക്സ് ചെയ്യുമ്പോൾ ഇവ ശ്വാസനാളത്തെ മൂടുന്നത് കാരണമാണ് കൂർക്കം വലി ഉണ്ടാകുന്നത്. ഗാഢമായ ഉറക്കത്തിലെത്തുമ്പോൾ മസിലുകൾ കൂടുതൽ റിലാക്സ് ചെയ്യുകയും ശ്വാസനാളം കൂടുതൽ അടയുകയും ചെയ്യുന്നു. ഇത് മൂലമാണ് കൂർക്കം വലിയുടെ ശബ്ദം കൂടുന്നത്.
ഈ അസുഖത്തിനുള്ള പ്രതിവിധി ആദ്യംതന്നെ അമിതഭാരം കുറയ്ക്കുക എന്നതാണ്. ശരിയായ ആഹാരരീതി പിൻതുടരുന്നതും വ്യായാമം ചെയ്യുന്നതിലൂടെയും കൂർക്കം വലി കുറയ്ക്കാൻ സഹായിക്കും. ഇതിനോടൊപ്പമാണ് മറ്റ് ചികിത്സകൾ തുടരേണ്ടത്. സർജറി ചെയ്യാതെ എങ്ങനെ കൂർക്കം വലി മാറ്റാം എന്നറിയാൻ വീഡിയോ കാണാം.