
ഇന്ത്യയ്ക്ക് അഭിമാനമായി 94-ാമത് ഓസ്‌കാർ നോമിനേഷനിൽ ഇടംപിടിച്ച് ഇന്ത്യൻ ഡോക്യുമെന്ററി 'റൈറ്റിംഗ് വിത്ത് ഫയർ'. മലയാളിയായ റിന്റു തോമസും ഭർത്താവ് സുഷ്മിത് ഘോഷും ചേർന്നാണ് ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത്. ഡോക്യുമെന്ററി ഫീച്ചർ വിഭാഗത്തിലാണ് റൈറ്റിംഗ് വിത്ത് ഫയർ മറ്റുചിത്രങ്ങളുമായി മത്സരിക്കുക.
കവിതാ ദേവി, മീരാ ജാദവ് എന്നിവർ ചേർന്നാരംഭിച്ച വാരാന്ത്യ പത്രമായ 'ഖബർ ലഹരിയ'യുടെ ചരിത്രമാണ് ഡോക്യുമെന്ററിയിൽ പറയുന്നത്. ഉത്തർപ്രദേശ്- മദ്ധ്യപ്രദേശ് അതിർത്തിയിലെ ബൻഡ ജില്ലയിലെ ദളിത് സ്ത്രീകൾ ജോലി ചെയ്യുന്ന ഇന്ത്യയിലെ ഏകപത്രമായ ഖബർ ലഹരിയ പിന്നീട് ഡിജിറ്റലായി. 2014 ൽ ഓൺലൈൻ പതിപ്പിന് ജർമ്മൻ മാദ്ധ്യമസ്ഥാപനമായ ഡോയ്‌ചെ വെലെയുടെ ഗ്ലോബൽ മീഡിയാഫോറം പുരസ്‌കാരം ലഭിച്ചിരുന്നു.
2021 ലെ സൺഡാൻസ് ഫിലിം ഫെസ്റ്റിവലിൽ പ്രത്യേക ജൂറി (ഇംപാക്റ്റ് ഫോർ ചേഞ്ച്) അവാർഡും ഓഡിയൻസ് അവാർഡും കിട്ടിയ ഡോക്യുമെന്ററി, തുടർന്ന് ഒട്ടേറെ രാജ്യാന്തര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ചു. 28 രാജ്യാന്തര അവാർഡുകൾ 'റൈറ്റിംഗ് വിത്ത് ഫയർ' സ്വന്തമാക്കി. കൂടാതെ, കഴിഞ്ഞ വർഷം ഒക്ടോബറോടെ അമേരിക്കയിൽ റിലീസിന് അവസരം ലഭിക്കുകയും ചെയ്തിരുന്നു.
ലോസ് ഏഞ്ചൽസിൽ മാർച്ച് 27 നാണ് അക്കാദമി അവാർഡ് പ്രഖ്യാപനവും വിതരണവുംനടക്കുക.
ഫീച്ചർ ഫിലിം വിഭാഗത്തിൽ 12 നാമനിർദ്ദശങ്ങളുമായി ജെയ്ൻ ചാംപ്യൻ സംവിധാനം ചെയ്ത 'ദ പവർ ഓഫ് ദ ഡോഗാ'ണ് ഓസ്‌കർ പുരസ്‌കാരത്തിനുള്ള ചിത്രങ്ങളുടെ പട്ടികയിൽ മുന്നിലുള്ളത്. ഡ്യൂൺ (10 നാമനിർദേശം), വെസ്റ്റ് സൈഡ് സ്റ്റോറി (ഏഴ്), ബെൽഫാസ്റ്റ് (ഏഴ്), കിംഗ് റിച്ചാർഡ് (ആറ്) എന്നിവയാണ് കൂടുതൽ നാമനിർദ്ദേശങ്ങൾ ലഭിച്ച മറ്റുചിത്രങ്ങൾ.
അതേസമയം സൂര്യയുടെ ജയ് ഭീം, മോഹൻലാലിന്റെ മരയ്ക്കാർ എന്നീ ചിത്രങ്ങൾക്ക് ഓസ്കാർ നോമിനേഷനിൽ ഇടംപിടിക്കാനായില്ല.
റിന്റു എന്ന പാമ്പാടിക്കാരി
കോട്ടയം പാമ്പാടി സ്വദേശികളായ രാജു തോമസിന്റെയും ഷിജിരാജുവിന്റെയും മകളായ റിന്റു ഡൽഹിയിലെ ശ്രദ്ധേയമായ ലേഡി ശ്രീറാം കോലേജിൽ നിന്ന് ഇംഗ്ളീഷ് സാഹിത്യത്തിൽ ബിരുദവും തുടർന്ന് ജാമിയ മിലിയ സർവകലാശാലയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷനിൽ പി.ജിയും നേടി.പത്രപ്രവർത്തകയാകാനായിരുന്നു ആദ്യ താത്പ്പര്യം.എന്നാൽ ജാമിയ മിലിയയിൽ ഡോക്യുമെന്ററി ഫിലിം മേക്കിംഗിൽ കൂടുതൽ പ്രാവീണ്യം നേടി.സുഷ്മിത് അവിടെ റിന്റുവിന്റെ ക്ളാസ്മേറ്റായിരുന്നു. ഇരുവരും ചേർന്ന് ഡോക്യുമെന്ററി ചലച്ചിത്ര നിർമ്മാണം തുടങ്ങി.
ബ്ളാക്ക് ടിക്കറ്റ് ഫിലിംസ് എന്ന ബാനറിൽ 2009 ൽ എടുത്ത മിറക്കിൾ വാട്ടർ വില്ലേജ് എന്ന ദൈർഘ്യമുള്ള ഡോക്യുഫിലിം നാഷണൽ ജ്യോഗ്രഫിക് ചാനൽ സംപ്രേഷണം ചെയ്തു.യുവ ചലച്ചിത്രകാർക്കുള്ള ബ്രിട്ടീഷ് കൗൺസിലിന്റെ ഗ്രാന്റും ലഭിച്ചു.അതായിരുന്നു വഴിത്തിരിവ്.ദില്ലി, തിംബുക്ത് എന്നീ ഡോക്യുമെന്ററികൾ പിന്നാലെ വന്നു.ദേശീയ അവാർഡും നേടി.