school

പൊതുവിദ്യാഭ്യാസത്തെ സ്നേഹിക്കുന്നവർക്കെല്ലാം സന്തോഷകരമായ സുദിനമാണിന്ന്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ തുടർച്ചയായ വിദ്യാകിരണം മിഷന്റെ പ്രഥമ പൊതുപരിപാടി ഇന്ന് നടക്കുകയാണ്. ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം എന്ന കാഴ്ചപ്പാടുമായും അതിനാവശ്യമായ പ്രവർത്തനപദ്ധതിയുമായും നാം മുന്നേറുകയാണ്. ആ മുന്നേറ്റത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉപാധിയാണ് ഭൗതികസൗകര്യങ്ങൾ മെച്ചപ്പെടുത്തുക എന്നത്. അതിന്റെ ഭാഗമായി 53 വിദ്യാലയങ്ങൾ കൂടി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുകയാണ്. കിഫ്ബി, പ്ലാൻ, മറ്റു ഫണ്ടുകൾ എന്നിവ പ്രയോജനപ്പെടുത്തി ഏതാണ്ട് 90 കോടി രൂപ മതിപ്പ് ചെലവിൽ നിർമ്മിച്ച 53 കെട്ടിടങ്ങളാണ് മുഖ്യമന്ത്രി നാടിന് സമർപ്പിക്കുന്നത്. അതിൽ കിഫ്ബിയുടെ അഞ്ച് കോടി ധനസഹായമുള്ള നാല് സ്കൂൾ കെട്ടിടങ്ങളും മൂന്ന് കോടിയുടെ 10 സ്കൂൾ കെട്ടിടങ്ങളും ഒരു കോടിയുടെ രണ്ട് സ്കൂൾ കെട്ടിടങ്ങളും പ്ലാൻഫണ്ടും മറ്റ് ഫണ്ടും പ്രയോജനപ്പെടുത്തിയുള്ള 37 സ്കൂൾ കെട്ടിടങ്ങളും ഇതിൽ ഉൾപ്പെടും.

ഭൗതികസൗകര്യ പ്രശ്നങ്ങളുള്ള സ്കൂളുകളുണ്ടെങ്കിൽ അവ പടിപടിയായി മറികടക്കാൻ ശ്രമമുണ്ടാകും. കക്ഷിരാഷ്ട്രീയ പരിഗണനകൾക്കതീതമായ ഐക്യം ഈ രംഗത്ത് പ്രകടമാണ്. ജനകീയ പങ്കാളിത്തത്തോടെ ജനാധിപത്യത്തിലും മതനിരപേക്ഷതയിലും അടിയുറച്ച പൊതുവിദ്യാഭ്യാസം കൂടുതൽ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ് നാം നടത്തിക്കൊണ്ടിരിക്കുന്നത്. കൊവിഡ് ആരംഭിച്ച ഘട്ടത്തിൽ തന്നെ കുട്ടികളെ കർമ്മനിരതരാക്കാൻ ഡിജിറ്റൽ വിദ്യാഭ്യാസം ഒരുക്കി. വളരെ വലിയ ജനകീയ സഹകരണമാണ് അതിന് ലഭിച്ചത്. ഇപ്പോൾ ഓൺലൈൻ ക്ലാസുകൾക്കുള്ള ഭൗതികവും സാങ്കേതികവുമായ സൗകര്യം നാം ഒരുക്കുകയാണ്. കൊവിഡ് പരിമിതികൾക്കുള്ളിലും കൊവിഡ് പ്രോട്ടോക്കോളുകൾ പാലിച്ച് ക്ലാസുകൾ സാധാരണ നിലയിലാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു.

സംസ്ഥാനം സാമ്പത്തിക പരിമിതികൾ നേരിടുന്ന ഘട്ടത്തിലും കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തിൽ ഒരു കുറവും വരുത്തരുതെന്നാണ് സർക്കാരിന്റെ ലക്ഷ്യം. എയ്ഡഡ് സ്കൂൾ നിയമനത്തിന് അംഗീകാരം നല്‍കി. സർക്കാർ സ്കൂളുകളിൽ പി.എസ്.സി. വഴി അദ്ധ്യാപകരെ നിയമിച്ചു. പാഠപുസ്തകങ്ങൾ കുട്ടികൾക്ക് എത്തിച്ചു. അടുത്ത അക്കാഡമിക വർഷത്തെ പാഠപുസ്തകങ്ങൾ മേയ് മാസത്തോടെ എല്ലാ കുട്ടികൾക്കും ലഭ്യമാക്കാനുള്ള പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. 2013 ലാണ് അവസാനമായി പാഠ്യപദ്ധതി പരിഷ്കരിച്ചത്. അതിനുശേഷം അറിവിന്റെ മേഖലയിലും ബോധനശാസ്ത്രരംഗത്തും വന്ന മാറ്റങ്ങളെ ഉൾക്കൊള്ളാൻ നമ്മുടെ പാഠ്യപദ്ധതിക്ക് കഴിയേണ്ടതുണ്ട്. അതിനുവേണ്ട പാഠ്യപദ്ധതി പരിഷ്കരണം എത്രയും വേഗം ആരംഭിക്കും. കേരളം മുൻപ് പരിചിതമല്ലാത്ത പ്രളയം പോലുള്ള പ്രകൃതി പ്രതിഭാസങ്ങളെ നേരിടുന്ന സാഹചര്യത്തിൽ ദുരന്തങ്ങളെ അതിജീവിക്കാനുള്ള പാഠങ്ങൾ കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കണം. അതുപോലെ ലിംഗതുല്യത, ലിംഗസമത്വം, ലിംഗാവബോധം എന്നിവ സംബന്ധിച്ച ധാരണകൾ സ്കൂൾപ്രായത്തിൽ തന്നെ നേടണം. ഇത് സംബന്ധിച്ച് ധാരാളം ചർച്ചകളും അനുകൂലമായ നടപടികളും ഉണ്ടാകുന്നുണ്ട്. അവ ശക്തിപ്പെടുത്തണം. മികച്ച തൊഴിൽ ശക്തി വളർത്തിയെടുക്കുക എന്നത് കൂടി സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഉത്തരവാദിത്വമാകണം. തൊഴിൽ ചെയ്യാനുള്ള അറിവും കഴിവും നൈപുണിയും ആത്മവിശ്വാസവും വളർത്തുന്നതോടൊപ്പം തൊഴിൽ ചെയ്യാനുള്ള മനോഭാവവും കുട്ടികളിൽ വികസിപ്പിക്കേണ്ടതുണ്ട്. പൊതുവിദ്യാഭ്യാസസംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ആരംഭിച്ച ആധുനികവത്‌കരണം, സാങ്കേതിക സംവിധാനങ്ങൾ ഉറപ്പാക്കൽ, അക്കാഡമിക മുന്നേറ്റങ്ങൾ, ഭൗതികസൗകര്യവികസനം എന്നിവ വിദ്യാകിരണം പദ്ധതിയിലും തുടരും.