hemanth-raj

പാലക്കാട്: മലമ്പുഴ മലയിടുക്കിൽ കുടുങ്ങിയ ബാബുവിനെ രക്ഷിച്ച ഇന്ത്യൻ സൈന്യത്തിന് നേതൃത്വം നൽകിയത് മലയാളി സൈനികൻ. കോട്ടയം ഏറ്റുമാനൂർ സ്വദേശി ഹേമന്ത് രാജാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രശംസ നേടിക്കൊണ്ടിരിക്കുന്ന രക്ഷാസേനയെ നയിച്ചത്. ലഫ്റ്റനന്റ് കേണൽ ഹേമന്ത് രാജിനെ മന്ത്രി വാസവനും അഭിനന്ദിച്ചിരുന്നു.

പ്രളയകാലത്ത് കശ്മീരിലും, ഉത്തരാഖണ്ഡിലും കേരളത്തിലും രക്ഷകനായി എത്തിയവരിൽ മുൻപന്തിയിൽ തന്നെ ഹേമന്ത് രാജും ഉണ്ടായിരുന്നു. പ്രളയ ഭീതിയിൽ മാത്രമല്ല, കൂനൂരിലും രക്ഷാ പ്രവർത്തനങ്ങൾക്ക് അദ്ദേഹം എത്തിയിരുന്നു. 2021ൽ നടന്ന തമിഴ്നാട് റിപ്പബ്ലിക് ദിന പരേഡിന്റെ കമാന്റിംഗ് ഓഫീസറാകാനും അദ്ദേഹത്തിന് അവസരം ലഭിച്ചിട്ടുണ്ട്.

2018 ലെ പ്രളയകാലത്ത് സ്വന്തം ജീവൻ തന്നെ പണയം വച്ചാണ് അദ്ദേഹം മത്സ്യത്തൊഴിലാളികളും സാധാരണക്കാരുമടങ്ങുന്ന രക്ഷാപ്രവര്‍ത്തന സംഘത്തിനൊപ്പം ഇറങ്ങിയത്. 2018 ഓഗസ്റ്റിൽ ഓണാവധിക്കായി നാട്ടിലേക്ക് പുറപ്പെടാൻ ഹേമന്ദ് ഡല്‍ഹിയിലെ വിമാനത്താവളത്തിൽ എത്തിയതായിരുന്നു. ആ സമയത്താണ് നാട്ടില്‍ വൻ പ്രളയം സംഭവിച്ച വാർത്ത വരുന്നത്. ഇതറിഞ്ഞ ഉടൻ തന്നെ അവധി ആഘോഷിക്കാൻ നാട്ടിലേക്ക് തിരിച്ച ഹേമന്ത് അന്ന് കൊച്ചിയിലേക്കുള്ള യാത്ര തിരുവനന്തപുരത്തേക്ക് മാറ്റി. അന്ന് നിരവധി പേരെ രക്ഷിച്ച ഹേമന്തിനെ മലയാളികൾക്ക് ഒരിക്കലും മറക്കാനാവില്ല.