women-barath

അംബാല: പരമ്പരാഗത വിവാഹ സങ്കല്പങ്ങൾ പൊളിച്ചെഴുതി അംബാലയിലെ വധുവും കുടുംബവും. സാധാരണയായി വധുവിന്റെ വീട്ടിലേക്ക് വരൻ കുതിരപ്പുറത്തേറി വരുന്ന ചടങ്ങാണ് 'ബറാത്ത്.' പുരുഷാധിപത്യ ആചാരങ്ങളെ തകർത്തെറിഞ്ഞുകൊണ്ട് ഇവിടെ വധു കൈയിൽ വാളുമേന്തി കുതിരപ്പുറത്ത് കയറി വരന്റെ വീട്ടിലേക്ക് വിവാഹം കഴിക്കാൻ യാത്രയായി. ഒപ്പം മാതാപിതാക്കളും ബന്ധുക്കളും.

പാരമ്പര്യവാദികളായ പലരും മൂക്കത്ത് വിരൽവച്ചുവെങ്കിലും ലിംഗഭേദമെന്ന കീഴ് വഴക്കങ്ങളെ മാറ്റിയെഴുതാനായ സന്തോഷത്തിലാണ് വധുവിന്റെ കുടുംബം.

ബറാത്ത് നടത്താൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ടെന്നും തന്റെ കുട്ടിക്കാലത്തെ ആഗ്രഹമാണ് സഫലമായതെന്നും വധു പ്രിയ മാദ്ധ്യമങ്ങളോട് പറഞ്ഞു. കുടുംബത്തിലെ പലരും സ്ത്രീ ബറാത്ത് നടത്തുന്നതിനെ എതിർത്തെങ്കിലും പിതാവാണ് പൂർണ പിന്തുണ നൽകിയതെന്നും പ്രിയ പറഞ്ഞു. പെൺകുട്ടികൾ ആൺകുട്ടികളേക്കാൾ താഴ്ന്നവരാണെന്ന മിഥ്യാധാരണ തകർത്തുകളയാനാണ് ഈ വിവാഹത്തിലൂടെ താൻ ആഗ്രഹിക്കുന്നുതെന്ന് പ്രിയയുടെ പിതാവായ നരീന്ദർ അഗർവാൾ അഭിപ്രായപ്പെട്ടു.