
ലോകം മുഴുവൻ തായ്‌ലാൻഡിലെ ഇരുട്ടും വെള്ളവും നിറഞ്ഞ ഒരു ഗുഹയ്ക്കുള്ളിലേക്ക് ഉറ്റുനോക്കിയിരിക്കുന്നു. 12 നും 16നും ഇടയിൽ പ്രായമുള്ള 12 കൗമാരകായികതാരങ്ങളും അവരുടെ കോച്ചും ആ ഗുഹയ്ക്കുള്ളിലെവിടെയോ പെട്ടുപോയിട്ട് ഒമ്പതുദിവസംകഴിഞ്ഞു. പത്താംദിനം. ലോകംചിരിച്ചു, 12 കുട്ടികളും അവരുടെ പ്രിയപ്പെട്ട പരിശീലകനും ഗുഹയ്ക്കുള്ളിൽ ജീവനോടെയിരിക്കുന്നു.... ലോകം കണ്ട ഏറ്റവും ഊർജിതമായ രക്ഷാദൗത്യമായിരുന്നു അത്....
സാഹസിക വിനോദസഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ട സ്ഥലമാണ് തായ്ലാൻഡ്. തായ്‌ലാൻഡിലെ പർവതമേഖലകളിലെ പ്രാചീനഗുഹകൾ എക്കാലത്തും സാഹസികരെ മാടിവിളിക്കുന്നവയാണ്. ഇതിലൊന്നാണ് ചിയാംഗ് റായ് പ്രവശ്യയിലുള്ള താം ലുവാംഗ് ഗുഹ. പത്തുകിലോമീറ്ററിലധികം നീളമുള്ള ലുവാംഗ് ഗുഹ ലോകശ്രദ്ധയാകർഷിച്ചതിന് പിന്നിൽ ഒരു അതിഭീകര രക്ഷാദൗത്യത്തിന്റെ കഥയുണ്ട്.
2018 ജൂൺ 23:
പതിവ് ഫുട്ബാൾ പരിശീലനത്തിനുശേഷം കോച്ച് എകപോൽ ചാന്റ്‌വോംഗ് തന്റെ ശിഷ്യന്മാരായ കുട്ടികളെയും കൂട്ടി ഒരു സാഹസികയാത്ര പുറപ്പെട്ടു. താം ലുവാംഗ് ഗുഹയിലേക്ക്. ഗുഹാമുഖത്തെത്തിയവർ സൈക്കിളും ഷൂസുമൊക്കെ പുറത്തുവച്ച് ഗുഹയ്ക്കുള്ളിലേക്ക് കയറി. ഗുഹയ്ക്കുള്ളിലൂടെ അഞ്ച് കിലോമീറ്ററിലേറെ സഞ്ചരിച്ചു. പക്ഷെ അപ്രതീക്ഷിതമായി പെയ്ത കനത്ത മഴ സർവപദ്ധതികളെയും പൊളിച്ചു. നിമിഷനേരംകൊണ്ട് ഗുഹയിൽ വെള്ളം നിറഞ്ഞു. ഗുഹാമുഖം മണ്ണും ചെളിയും അടിഞ്ഞ് മൂടി. രാത്രിയായിട്ടും കുട്ടികൾ തിരിച്ചെത്താതായതോടെ മാതാപിതാക്കൾ ആശങ്കയിലായി. നാട്ടുകാർ തിരച്ചിൽ ആരംഭിച്ചു. ഗുഹയ്ക്കുവെളിയിൽ നിറുത്തിയിട്ടിരിക്കുന്ന സൈക്കിളും ബാഗുകളും കണ്ടതോടെ കുട്ടികളും കോച്ചും ഗുഹയ്ക്കുള്ളിൽ കുടുങ്ങിയെന്ന് വ്യക്തമായി. പ്രാദേശിക രക്ഷാപ്രവർത്തകർ പാഞ്ഞെത്തി. കണ്ണീരും പ്രാർത്ഥനയുമായി ഗുഹയ്ക്ക് പുറത്ത് കുട്ടികളുടെ മാതാപിതാക്കൾ കാത്തുനിന്നു. ലോകം തായ്‌ലാൻഡിലെ താം ലുവാംഗ് ഗുഹയിലേക്ക് കണ്ണെറിഞ്ഞു.
2018 ജൂൺ 26
തായ്‍ലാൻഡ് നേവിയും രക്ഷാപ്രവർത്തനത്തിനെത്തി. മൂന്നുദിവസം പിന്നിട്ടിട്ടും കുട്ടികളെക്കുറിച്ച് ഒരു സൂചനയും ലഭിച്ചില്ല. ദിവസങ്ങളായി പ്രദേശത്താകെ കനത്തമഴ. ബാങ്കോക്കിൽനിന്ന് സൈനികവിമാനത്തിൽ വെള്ളത്തിനടിയിലെ തെരച്ചിലിന് ഉപകരിക്കുന്ന ഡ്രോണുകളും റോബോട്ടുകളും എത്തിച്ചു. അപ്പോഴേക്കും കനത്തമഴയിൽ ഗുഹയിലേക്ക് വീണ്ടും വെള്ളം കയറിത്തുടങ്ങി. ഭീമൻപമ്പുകൾ ഉപയോഗിച്ച് വെള്ളം വറ്റിക്കാനായി പിന്നീടുള്ള ശ്രമം. രാജ്യാന്തരമാദ്ധ്യമങ്ങളെല്ലാം അപകടസ്ഥലത്തേക്കെത്തി.
വെള്ളം വറ്റിക്കാനുള്ള ശ്രമങ്ങൾ നീണ്ടുപോയതോടെ, കുട്ടികളുടെയും കോച്ചിന്റെയും ജീവൻ അപകടത്തിലാണെന്ന് മനസിലാക്കി ഗുഹയുടെ മുകൾവശം ഡ്രില്ലർ ഉപയോഗിച്ച് തുരന്ന് അകത്തുകയറാനുള്ള പണി ആരംഭിച്ചു. എന്നാൽ, എവിടെ തുരക്കണം എന്നോ എത്ര ആഴത്തിൽ തുരക്കണമെന്നോ ആർക്കുമറിയില്ല. അങ്ങനെ ആ ശ്രമവും വിഫലമായി.
2018 ജൂൺ 27
യു.എസിൽ നിന്നും ബ്രിട്ടനിൽ നിന്നും മുങ്ങൽ വിദഗ്ദ്ധരടക്കമുള്ള സംഘം തായ്‌ലാൻഡിലെത്തി രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നു. മഴവീണ്ടും കനത്തതോടെ ഇടയ്ക്ക് തിരച്ചിൽ നിറുത്തിവച്ചു. ഡ്രില്ലിംഗ് തുടർന്നാൽ ഗുഹ ഇടിഞ്ഞ് ചെളിമണ്ണ് ഗുഹയ്ക്കുള്ളിൽ നിറയും എന്നഭയമായിരുന്നു രക്ഷാപ്രവർത്തകർക്ക്. അപ്പോഴും ഗുഹയിലെ വെള്ളം വറ്റിക്കാനുള്ള നടപടികൾ തുടർന്നു.
2018 ജൂൺ 29
കുട്ടികളെ കാണാതായിട്ട് ആറ് ദിവസം. സൂചനകൾ ഒന്നുമില്ല. അത്യാധുനിക റോബോർട്ടുകളുമായി ചൈനയും തിരച്ചിലിനൊപ്പം ചേർന്നു. അന്ന് വൈകിട്ടോടെ രക്ഷാപ്രവർത്തകർക്ക് കുട്ടികൾ അകപ്പെട്ടു എന്ന് കരുതുന്ന പ്രധാന ഗുഹയിലെത്താനുള്ള സാദ്ധ്യത തെളിഞ്ഞു.വെള്ളംവറ്റിച്ചുള്ള രക്ഷാപ്രവർത്തനം തുടർന്നു.
ജൂലായ് 01
മഴയ്ക്ക് ശമനമായി. പ്രധാനഗുഹയിലേക്ക് കടക്കാനുള്ള ശ്രമം വിജയംകണ്ടുതുടങ്ങി. ഓക്സിജനും മരുന്നും ഭക്ഷണവുമായി രക്ഷാപ്രവർത്തകർ മുന്നോട്ട് നീങ്ങി. രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ തായ്‌ലാൻഡ് പ്രധാനമന്ത്രി ജനറൽ പ്രയുത് ചനോച്ച നേരിട്ടെത്തി.
ജൂലായ് 02
ആ സന്തോഷവാർത്ത തായ്ലാൻഡ് ലോകത്തെ അറിയിച്ചു. ഗുഹയ്ക്കുള്ളിൽ വെള്ളം കയറാത്ത പാറയ്ക്കു മുകളിൽ കുട്ടികൾ സുരക്ഷിതരായി ഇരിക്കുന്നു. എന്നാൽ, ആശങ്കകൾ അവസാനിച്ചില്ല. 13പേരെയും ഗുഹയ്ക്ക് പുറത്തെത്തിക്കണം. ശരിക്കും, അതുവരെ നടത്തിയതിനേക്കാൾ ദുഷ്കരമായ ദൗത്യം വരാനിരിക്കുന്നതായിരുന്നു. രണ്ട് മാർഗങ്ങളാണുള്ളത് ; ഒന്ന് കുട്ടികളെ ഡൈവിംഗ് പരിശീലിപ്പിച്ച് വെള്ളത്തിനുള്ളിലൂടെ പുറത്തെത്തിക്കാം. രണ്ട് ഗുഹയിലെ വെള്ളവും ചെളിയും മുഴുവൻ മാറ്റി പുറത്തെത്തിക്കാം. ഇരുട്ട് നിറഞ്ഞ വെള്ളത്തിലൂടെ ഡൈവിംഗ് പരിശീലിച്ച് പുറത്തുകടക്കുക എന്നത് ഓർക്കാൻതന്നെ വയ്യ.
അതുകൊണ്ട് രണ്ടാമത്തെ മാർഗംതേടി. എന്നാൽ, മഴ കനക്കുന്നെന്ന കാലാവസ്ഥ മുന്നറിയിപ്പ് പിന്നാലെയെത്തി. വെള്ളം മുഴുവൻ വറ്റിക്കുന്നതുവരെയോ, മഴക്കാലംകഴിയുംവരെയോ ഗുഹയിൽ തുടരാനാകില്ല. കുട്ടികളെ മുങ്ങൽ ഉപകരണങ്ങൾ പരിചയപ്പെടുത്തിയും മറ്റും രക്ഷാദൗത്യ സേനയിലെ രണ്ടുമൂന്നുപേർ അവരോടൊപ്പം ഗുഹയിൽത്തങ്ങി. രക്ഷാപ്രവർത്തനം വേഗത്തിലായി.
ജൂലായ് 08
പത്തുമണിക്കൂർനീണ്ട പരിശ്രമത്തിൽ നാലു കുട്ടികളെ പുറത്തെത്തിച്ചു. മുഴുവൻ കുട്ടികളെയും കോച്ചിനെയും പുറത്തെത്തിക്കുമ്പോഴേക്കും അവരെ കാണാതായിട്ട് 16 ദിവസം കഴിഞ്ഞിരുന്നു. കളികഴിഞ്ഞ് മടങ്ങുമ്പോൾ അവരുടെ കൈയ്യിലുണ്ടായിരുന്ന ചെറിയകുപ്പികളിലെ ബാക്കിവന്ന വെള്ളവും കൂട്ടത്തിലാരുടെയോ പക്കലുണ്ടായിരുന്ന ഇത്തിരി ചോക്ക്‌ലേറ്റും മാത്രമായിരുന്നു, ഗുഹയ്ക്കുള്ളിലെ കുട്ടികളുടെ 'ഭക്ഷണം."
ദുരന്തമുഖത്തെ കണ്ണീരായി സമൻ
കുട്ടിരളുടെ വരവുംകാത്ത് പുറത്തിരുന്നവരുടെ കാതുകളിലേക്ക് ജൂലായ് ആറിനെത്തിയത് ഒരു ദുരന്തവാർത്തയായിരുന്നു. തായ്സേനയിലെ സുരക്ഷാ ഉദ്യോഗസ്ഥനായ സമൻ കുനാൻ രക്ഷാപ്രവർത്തനത്തിനിടെ മരിച്ചു. രാത്രി നടന്ന മിഷന്റെയിടയിൽ ഓക്സിജൻ തീർന്നതാണ് കാരണം. എല്ലാവർക്കുമുള്ള ഓക്സിജൻ എത്തിക്കാനാണ് അദ്ദേഹം പോയത്. പക്ഷേ, തിരിച്ചു വരവിൽ ജീവവായു തീർന്നുപോയിരുന്നു. പുറത്തെത്തിയ കുട്ടികളിൽ ചിലർ സമൻ കുനാനോടുള്ള ആദരസൂചകമായി ഒരു വർഷത്തേക്ക് സന്യാസജീവിതം തിരഞ്ഞെടുക്കുകയും ചെയ്തു.