df

കൊച്ചി: റിസർവ്വ് ബാങ്കിന്റെ നടപ്പുസാമ്പത്തികവർഷത്തെ (2021-22)​ അവസാന ധനനയം ഇന്നറിയാം. ധനനിർണ്ണയ സമിതി(എം.പി.സി)​ യോഗത്തിനുശേഷം രാവിലെ 10ന് റിസർവ്വ് ബാങ്ക് ഗവ‍ർണ്ണർ ശക്തികാന്ത ദാസ് ധനനയം പ്രഖ്യാപിക്കും.

ഫെബ്രുവരി ഒന്നിന് കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച ബഡ്‌ജറ്റ് മുന്നോട്ടുവയ്ക്കുന്നത് കടപ്പത്രങ്ങൾ (ബോണ്ട്) പുറത്തിറക്കി പൊതുവിപണിയിൽ നിന്ന് ഏകദേശം 15 ലക്ഷം കോടി രൂപയുടെ കടംവാങ്ങലാണ്. ബഡ്‌ജറ്റിന് പിന്നാലെ ബോണ്ട് യീൽഡ് (കടപ്പത്രങ്ങളിൽ നിന്ന് നിക്ഷേപകന് ലഭിക്കുന്ന ലാഭം) രണ്ടുവർഷത്തെ ഉയരമായ 6.9 ശതമാനത്തിലെത്തുകയുംചെയ്തു. ബോണ്ട് യീൽഡ് ഉയരുകയും ബാങ്ക് വായ്‌പാപലിശനിരക്ക് കുറഞ്ഞനിരക്കിൽ തുടരുന്നതും രാജ്യത്ത് സാമ്പത്തിക അസന്തുലിതാവസ്ഥയുണ്ടാക്കും. ബോണ്ട് യീൽഡും ബാങ്ക് പലിശനിരക്കും തമ്മിലെ അന്തരം കുറയ്ക്കാൻ റിസർവ് ബാങ്ക് ഇടപെടേണ്ടതുണ്ട്. നിലവിൽ റിപ്പോ നിരക്കും (നാല് ശതമാനം) റിവേഴ്‌സ് റിപ്പോയും (3.35 ശതമാനം) എക്കാലത്തെയും താഴ്ചയിലാണുള്ളത്. കൊവിഡ് പശ്ചാത്തലത്തിൽ 2020 മേയ്ക്ക് ശേഷം ഇവ പരിഷ്‌കരിച്ചിട്ടില്ല.

സാമ്പത്തികവളർച്ച ഉറപ്പാക്കാനുള്ള നടപടികളാണ് കൊവിഡ് കാലത്തുടനീളം റിസർവ്വ് ബാങ്ക് സ്വീകരിച്ചത്. പലിശനിരക്കുകൾ ഉയർത്തിയുള്ള ധനനയം കഴിഞ്ഞ ഡിസംബറിൽത്തന്നെ റിസർവ്വ് ബാങ്ക് സ്വീകരിക്കേണ്ടതായിരുന്നു. എന്നാൽ, നിനച്ചിരിക്കാതെ വന്ന ഒമിക്രോൺ വ്യാപനമാണ് ആർ.ബി.ഐയെ പിന്തിരിപ്പിച്ചത്.

 സ്വീകരിക്കുക ന്യൂട്രൽ നിലപാടോ?

സമ്പദ്‌വളർച്ചയെ ബാധിക്കുമെന്നതിനാൽ റിപ്പോനിരക്ക് ഇത്തവണയും കൂട്ടിയേക്കില്ല. റിവേഴ്‌സ് റിപ്പോ ഉയർത്തിയേക്കാം; പലിശയിളവ് നൽകാനനുകൂലമായ 'അക്കോമഡേറ്റീവിൽ" നിന്നുമാറി 'ന്യൂട്രൽ" നിലപാടും റിസർവ് ബാങ്ക് സ്വീകരിച്ചേക്കും. റിപ്പോ-റിവേഴ്‌സ് റിപ്പോ അന്തരം 0.25 ശതമാനത്തിൽ നിലനിറുത്തുകയാണ് പതിവെങ്കിലും ഇപ്പോഴിത് 0.65 ശതമാനമാണ്. അന്തരം കുറയ്ക്കാനായി റിവേഴ്‌സ് റിപ്പോ നിരക്ക് ഈ യോഗത്തിലോ ഏപ്രിലിലോ 15-40 ശതമാനം ഉയർത്തിയേക്കാം.

 റിപ്പോ ഉയർന്നാൽ...

റിപ്പോനിരക്ക് തത്കാലം ഉയർത്തിയേക്കില്ലെന്നാണ് വിലയിരുത്തലെങ്കിലും, അന്തിമതീരുമാനം എം.പി.സിയിലെ വോട്ടെടുപ്പിനെ ആശ്രയിച്ചിരിക്കും. ആറംഗ എം.പി.സിയിൽ നിരക്കുവർദ്ധനയെ കൂടുതൽപേർ പിന്തുണച്ചാൽ പലിശഭാരം ഉയരും. ബാങ്ക് വായ്പാപ്പലിശ ഉയരുന്നത് ബിസിനസ് സംരംഭങ്ങളെയും പൊതുജനങ്ങളെയും ദോഷകരമായി ബാധിക്കും.

നിലവിലെ നിരക്കുകൾ

 റിപ്പോ നിരക്ക് : 4.00%

 റിവേഴ്‌സ് റിപ്പോ : 3.35%

 സി.ആർ.ആർ : 4.00%

 എസ്.എൽ.ആർ : 18%

 എം.എസ്.എഫ് : 4.25%