
അഹമ്മദാബാദ്: അഹമ്മദാബാദിൽ നിന്നുള്ള പുതിയ ഐ.പി.എൽ ഫ്രാഞ്ചൈസി തങ്ങളുടെ പേര് പുറത്തുവിട്ടു. സി.വി.സി ക്യാപ്പിറ്റലിന്റെ ഉടമസ്ഥതയിലുള്ള ടീമിന് ഗുജറാത്ത് ടൈറ്റാൻസ് എന്നാണ് പേരിട്ടിരിക്കുന്നത്. പുതിയ സീസണിലേക്കുള്ള മെഗാ താരലേലത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കേയാണ് പേര് പ്രഖ്യാപിച്ചത്.
രണ്ട് ടീമുകളാണ് പുതുതായി ഐ.പി.എല്ലിനുള്ളത്. ലഖ്‌നൗ ആസ്ഥാനമായ ആർ.പി..എസ്.ജി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഫ്രാഞ്ചൈസി കഴിഞ്ഞ ദിവസം ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് എന്ന പേര് പ്രഖ്യാപിക്കുകയും ലോഗോ പ്രകാശിപ്പിക്കുകയും ചെയ്തിരുന്നു. ദിവസങ്ങള്‍ക്കുള്ളിലാണ് അഹമ്മദാബാദ് ഫ്രാഞ്ചൈസി തങ്ങളുടെ ടീമിന്റെ പേര് പ്രഖ്യാപിച്ചത്.
ഇന്ത്യൻ ആൾറൗണ്ടർ ഹാർദിക് പാണ്ഡ്യയാണ് ഗുജറാത്ത് ടൈറ്റാൻസ് ടീമിന്റെ നായകൻ. 15 കോടി രൂപയ്ക്കാണ് ഹാർദിക്കിനെ ടൈറ്റാൻസ് ടീമിലെത്തിച്ചത്.
മുംബയ് ഇന്ത്യൻസ് താരമായിരുന്ന ഹാർദിക്കിനെ കഴിഞ്ഞ സീസണു പിന്നാലെ ടീം റിലീസ് ചെയ്യുകയായിരുന്നു. ഇതാദ്യമായാണ് ഹാർദിക് ഒരു ഐ.പി.എൽ ടീമിനെ നയിക്കുന്നത്. അഫ്ഗാനിസ്ഥാൻ താരം റാഷിദ് ഖാനെയും ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ ഗില്ലിനെയും ടൈറ്റാൻസ് ടീമിലെത്തിച്ചിട്ടുണ്ട്. റാഷിദിനും 15 കോടിയാണ് പ്രതിഫലം. ഗില്ലിന് എട്ടു കോടിയും.
മുൻ ഇംഗ്ലണ്ട് താരം വിക്രം സോളങ്കിയാണ് ടീമിന്റെ ക്രിക്കറ്റ് ഡയറക്ടർ. മുൻ ഇന്ത്യൻ താരം ആശിഷ് നെഹ്‌റയാണ് മുഖ്യ പരിശീലകൻ. ഇന്ത്യയ്ക്ക് ലോകകപ്പ് നേടിത്തന്ന മുൻ പരിശീലകനും ദക്ഷിണാഫ്രിക്കൻ താരവുമായിരുന്ന ഗാരി കേഴ്സ്റ്റനാണ് ടീമിന്റെ ബാറ്റിംഗ് പരിശീലകൻ.