tiger-reserve

ബംഗളൂരു: ബംഗളൂരു യാത്രയ്ക്ക് മലയാളികൾ ഏറ്റവുമധികം ഉപയോഗിക്കുന്ന കോയമ്പത്തൂർ - ബംഗളൂരു ദേശീയ പാത എൻ.എച്ച് 948ൽ ഇന്നു മുതൽ രാത്രി യാത്ര നിരോധിച്ച് മദ്രാസ് ഹൈക്കോടതി. സത്യമംഗലം ടൈഗർ റിസർവിനുള്ളിലെ ബന്നാരി മുതൽ കാരപ്പള്ളം വരെയുള്ള ഭാഗത്താണ് നിരോധനം. മൃഗങ്ങളുടെ അപകടമരണത്തിനിടയാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് മദ്രാസ് ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് മുനീശ്വർനാഥ് ഭണ്ഡാരിയുടെ വിധി.

ചരക്ക് വാഹനങ്ങൾക്ക് രാത്രി മുഴുവനും ചെറു വാഹനങ്ങൾക്ക് രാത്രി 9 മുതൽ രാവിലെ ആറുവരെയുമാണ് വിലക്ക്. ഇതു സംബന്ധിച്ച് ഈറോഡ് കളക്ടറുടെ 2019ലെ ഉത്തരവ് കർശനമായി നടപ്പാക്കണമെന്നും ഇതിൽ വീഴ്ച വരുത്തിയതിനാൽ ഇക്കാലയളവിൽ 155ഓളം മൃഗങ്ങൾക്ക് ജീവൻ നഷ്ടമായെന്നും കോടതി ചൂണ്ടിക്കാട്ടി. സ്വകാര്യ വാഹനങ്ങളിൽ ബംഗളൂരു യാത്രയ്ക്കായി മലയാളി ഏറ്റവുമധികം ഉപയോഗിക്കുന്ന റോഡുകളിലൊന്നാണിത്.

കേരളത്തിൽ നിന്നുള്ള ബസുകൾ കോയമ്പത്തൂർ– സേലം– കൃഷ്ണഗിരി വഴിയാണ് നിലവിൽ കടന്നുപോകുന്നത്. ഇനി കാറുകളടക്കമുള്ള സ്വകാര്യ വാഹനങ്ങളും ഈവഴി ചുറ്റിവളഞ്ഞു സഞ്ചരിക്കേണ്ടി വരും.