
രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റ് 17 മുതൽ
മുംബയ്: കൊവിഡ് വിധിച്ച രണ്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷം നിയന്ത്രണങ്ങളോടെ രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റ് ഈ മാസം 17 മുതൽ പുനരാരംഭിക്കും. ഐ.പി.എല്ലിന് മുമ്പും ശേഷവുമായി രണ്ട് ഘട്ടങ്ങളിലായാകും രഞ്ജി ട്രോഫി നടക്കുക.
ഒമ്പത് വ്യത്യസ്ത ബയോ ബബിളുകളിലായി മത്സരങ്ങൾ സംഘടിപ്പിക്കാനാണ് തീരുമാനം. രാജ്‌കോട്ട്, കട്ടക്ക്, അഹമ്മദാബാദ്, ചെന്നൈ, തിരുവനന്തപുരം, ഡൽഹി, ഹരിയാന, ഗോഹട്ടി, കൊൽക്കത്ത എന്നിവയാണ് വേദികൾ.കളിക്കാരും സപ്പോർട്ട് സ്റ്റാഫുമടക്കം ഒരു സ്‌ക്വാഡിൽ 30 അംഗങ്ങൾ മാത്രമേ പാടുള്ളൂ. ഇതിൽ 20 പേർ കളിക്കാരും 10 പേർ സപ്പോർട്ട് സ്റ്റാഫുമായിരിക്കും. ഇവർക്ക് അഞ്ചു ദിവസത്തെ ക്വാറന്റീൻ നിർബന്ധമാണ്. ഫെബ്രുവരി 15, 16 തീയതികളിലായി ടീമുകൾക്ക് പരിശീലനത്തിനിറങ്ങാം. മത്സരത്തിന്റെ രണ്ടാമത്തെയും അഞ്ചാമത്തെയും ദിവസത്തിൽ ആർ.ടി-പി.സി.ആർ പരിശോധനകളുണ്ടാകും.
ഓപ്പണിംഗ് റൗണ്ടിന് ശേഷം ആദ്യ ഘട്ടത്തിൽ നടക്കുന്ന പ്രീക്വാർട്ടർ മത്സരങ്ങൾ മാർച്ച് 11 ന് ആരംഭിക്കും. ഈ ഘട്ടത്തിലെത്തുന്ന ടീമുകൾ നാലു ദിവസത്തെ ക്വാറന്റീൻ പാലിക്കണം. ക്വാർട്ടർ, സെമിഫൈനൽ, ഫൈനൽ എന്നിവ ഉൾപ്പെടുന്ന രഞ്ജി ട്രോഫിയുടെ രണ്ടാം ഘട്ടം മെയ് 30 മുതൽ നടക്കും.
പുജാരയും രഹാനെയും രഞ്ജിക്ക്,
ഹാർദിക്കും സാഹയുമില്ല
ഇത്തവണ രഞ്ജി ട്രോഫിയിൽ കളിക്കാൻ ഇന്ത്യൻ ടെസ്റ്റ് ടീമിലെ രണ്ട് സൂപ്പർ താരങ്ങളുണ്ടാകും , ചേതേശ്വർ പുജാരയും അജിങ്ക്യ രഹാനെയും. ന്യൂസിലാൻഡുമായുള്ള പരമ്പരയിലെ മോശം പ്രകടനത്തോടെ ഇരുവരുടെയും ടെസ്റ്റ് ടീമിലെ സ്ഥാനം ഏറെക്കുറെ ഇളകിയ മട്ടിലാണ്. ഫോം വീണ്ടെടുക്കാനായാണ് ഇരുവരും രഞ്ജി ട്രോഫിയിൽ കളിക്കാനെത്തുന്നത്. ഇനി ശ്ര്രലങ്കയുമായാണ് ഇന്ത്യയ്ക്ക് ടെസ്റ്റ് മത്സരങ്ങളുള്ളത്. ഈ പരമ്പരയിൽ പുജാരയെയും രഹാനെയെയും ടീമിലെടുക്കുന്നത് രഞ്ജിയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്നാണ് സൂചന.
അജിങ്ക്യ രഹാനെ മുംബയ് രഞ്ജി ടീമിൽ പൃഥ്വി ഷായുടെ ക്യാപ്ടൻസിയുടെ കീഴിലാണ് കളിക്കുക. ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്ടനായിരുന്നയാളാണ് രഹാനെ.വിരാടിന്റെ അഭാവത്തിൽ ഇന്ത്യൻ ടീമിനെ നയിക്കാൻ അവസരം ലഭിച്ച ആസ്ട്രേലിയൻ പരമ്പരയിലുൾപ്പടെ ടീമിനെ വിജയത്തിലേക്ക് നയിക്കാൻ രഹാനെയ്ക്ക് കഴിഞ്ഞു. എന്നാൽ രോഹിത് ഏകദിന ക്യാപ്ടനായ ശേഷമുള്ള കിവീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ രഹാനെയിൽ നിന്ന് വൈസ് ക്യാപ്ടൻസി രോഹിതിന് നൽകി. ഈ പരമ്പരയ്ക്ക് ശേഷം വിരാട് ടെസ്റ്റ് ക്യാപ്ടൻസിയും ഉപേക്ഷിച്ചെങ്കിലും രഹാനെയുടെ വൈസ് ക്യാപ്ടൻസി തിരിച്ചുകിട്ടുമെന്ന് ഉറപ്പില്ല. ചേതേശ്വർ പുജാര ബറോഡ ടീമിനുവേണ്ടിയാണ് കളിക്കുക.
അതേസമയം ഇന്ത്യൻ താരങ്ങളായ ഹാർദിക് പാണ്ഡ്യയും വൃദ്ധിമാൻ സാഹയും രഞ്ജിയിൽ കളിക്കില്ല. ഫോം വീണ്ടെടുക്കാൻ ഹാർദിക്കിനോട് രഞ്ജിയിൽ കളിക്കാൻ ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി തന്നെ ആവ്യപ്പെട്ടിരുന്നു. എന്നാൽ ഐ.പി.എല്ലിൽ കളിക്കാനാണ് ഹാർദിക്കിന്റെ തീരുമാനം.തന്നെ ഇനി ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കില്ലെന്ന് സെലക്ടർമാർ അറിയിച്ചതിനാൽ രഞ്ജി ട്രോഫിക്കില്ലെന്നാണ് ബംഗാൾ താരമായ സാഹയുടെ തീരുമാനം.
കേരളത്തെ സച്ചിൻ ബേബി നയിക്കും
ഈ വർഷത്തെ രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ കേരളത്തെ സച്ചിൻ ബേബി നയിക്കും. വിഷ്ണു വിനോദാണ് വൈസ് ക്യാപ്ടനും വിക്കറ്റ് കീപ്പറും. ബെംഗളുരു നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ റിഹാബിലിറ്റേഷനിലുള്ള മുൻ നായകൻ സഞ്ജു സാംസൺ പരിക്കിൽനിന്ന് മോചിതനാകുന്ന മുറയ്ക്ക് ടീമിനൊപ്പം ചേരും. മുൻ ഇന്ത്യൻ താരവും മറുനാടൻ മലയാളിയുമായ റോബിൻ ഉത്തപ്പയെ പരിക്കിനെത്തുടർന്ന് ടീമിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മുഹമ്മദ് അസ്ഹറുദ്ദീനും വിശ്രമം നൽകി.മുൻ ഇന്ത്യൻ താരം എസ്.ശ്രീശാന്തും ടീമിലുണ്ട്.
എലൈറ്റ് ഡിവിഷൻ ഗ്രൂപ്പ് എയിൽ രാജ്കോട്ടിലാണ് കേരളത്തിന്റെ മത്സരങ്ങൾ. മേഘാലയ,ഗുജറാത്ത്,മദ്ധ്യപ്രദേശ് ടീമുകളാണ് കേരളത്തിന്റെ ഗ്രൂപ്പിലുള്ളത്. ഈ മാസം 17ന് മേഘാലയയ്ക്ക് എതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം. കേരളവും രഞ്ജിയിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് വേദിയാകുന്നുണ്ട്. തിരുവനന്തപുരത്തെ വിവിധ വേദികളിലായി എലൈറ്റ് ഡിവിഷൻ ഗ്രൂപ്പ് ഇ മത്സരങ്ങളാണ് നടക്കുക. ആന്ധ്രപ്രദേശ്,രാജസ്ഥാൻ,ഉത്തരാഖണ്ഡ്,സർവീസസ് ടീമുകൾ പങ്കെടുക്കും.
കേരള ടീം : സച്ചിൻ ബേബി(ക്യാപ്ടൻ),വിഷ്ണുവിനോദ് (വൈസ് ക്യാപ്ടനും വിക്കറ്റ് കീപ്പറും),ആനന്ദ് കൃഷ്ണൻ,രോഹൻ എസ്.കുന്നുമ്മൽ,വത്സൽ ഗോവിന്ദ്,രാഹുൽ പി.,സൽമാൻ നിസാർ,ജലജ് സക്സേന,സിജോമോൻ ജോസഫ്,അക്ഷയ് കെ.സി,മിഥുൻ.എസ്,എൻ.പി ബേസിൽ,നിധീഷ് എം.ഡി,ബേസിൽ തമ്പി,എസ്.ശ്രീശാന്ത്,മനു കൃഷ്ണൻ,ഫാനൂസ്,വരുൺ നായനാർ,വിനൂപ് മനോഹരൻ,ഏദൻ ആപ്പിൾ ടോം.
നാലുപുതുമുഖങ്ങൾ
വരുൺ നായനാർ,ഫാനൂസ്,ആനന്ദ് കൃഷ്ണൻ എന്നീ നാലു പുതുമുഖങ്ങളും കേരള ടീമിലുണ്ട്.
വരുൺ നായനാർ
19കാരനായ വരുൺ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനാണ്.കഴിഞ്ഞ കുറച്ചുനാളായി കേരളത്തിന്റെ ജൂനിയർ ക്രിക്കറ്റിലെ ശ്രദ്ധേസാന്നിദ്ധ്യമാണ് ഈ കണ്ണൂർ സ്വദേശി.2019ൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ അണ്ടർ 19 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ വരുണുമുണ്ടായിരുന്നു. അണ്ടർ 19 മത്സരങ്ങളിൽ ഇരട്ടസെഞ്ച്വറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ കേരള താരമാണ് വരുൺ.
ഏദൻ ആപ്പിൾ ടോം
പ്രതീക്ഷയുണർത്തുന്ന ഫാസ്റ്റ് ബൗളിംഗ് ആൾറൗണ്ടറാണ് പത്തനംതിട്ടയിൽ നിന്നുള്ള ഈ 17കാരൻ. ഈ സീസണിലെ അണ്ടർ 16- വിജയ് മെർച്ചന്റ് ട്രോഫിയിലെ ഗംഭീരപ്രകടനമാണ് ഏദനെ രഞ്ജി ടീമിലെത്തിച്ചത്. അണ്ടർ 19 കുച്ച് ബിഹാർ ട്രോഫിയിൽ 15 വിക്കറ്റുകളുമായി കേരളത്തിന്റെ ടോപ് വിക്കറ്റ് ടേക്കറായിരുന്നു.
ആനന്ദ് കൃഷ്ണൻ
കേരളത്തിനായി ജൂനിയർ തലത്തിലെ എല്ലാ കാറ്റഗറികളിലും കളിച്ചിട്ടുള്ള ഇടംകൈയൻ ഓപ്പണറാണ് മലപ്പുറത്തുകാരനായ ആനന്ദ് കൃഷ്ണൻ. കെ.സി.എ അക്കാദമി ട്രെയിനിയായിരുന്നു. അടുത്തിടെ നടന്ന അണ്ടർ 25 ഇന്റർസ്റ്റേറ്റ് ടൂർണമെന്റിൽ ബിഹാറിനെതിരെ സെഞ്ച്വറി നേടി.
ഫാനൂസ്
തിരുവനന്തപുരം സ്വദേശിയായ വലംകൈയൻ പേസ് ബൗളർ. ആനന്ദ് കൃഷ്ണനെപ്പോലെ ജൂനിയർ തലത്തിലെ എല്ലാ കാറ്റഗറികളിലും മികവ് തെളിയിച്ച പ്രതിഭ. അടുത്തിടെ നടന്ന അണ്ടർ 25 ഇന്റർസ്റ്റേറ്റ് ടൂർണമെന്റിൽ എട്ടുവിക്കറ്റുകൾ സ്വന്തമാക്കിയതിനെത്തുടർന്നാണ് രഞ്ജി ടീമിലേക്കുള്ള വഴി തെളിഞ്ഞത്.