blasters

കേരള ബ്ളാസ്റ്റേഴ്സ് Vs ജംഷഡ്പുർ എഫ്.സി

രാത്രി 7.30 മുതൽ സ്റ്റാർ സ്പോർട്സിൽ

മഡ്ഗാവ് : ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാളിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ കേരള ബ്ളാസ്റ്റേഴ്സ് ഇന്ന് ജംഷഡ്പുർ എഫ്.സിയെ നേരിടും. രാത്രി ഏഴരയ്ക്ക് ബംബോലിമിലെ ജി.എം.സി അത്‌ലറ്റിക് സ്റ്റേഡിയത്തിലാണ് മത്സരത്തിന് തുടക്കമാകുന്നത്. നിരാശപ്പെടുത്തിയ നിരവധി സീസണുകൾക്ക് ശേഷം തകർപ്പൻ പ്രകടനത്തിലൂടെ ഈ തവണ ഒന്നാം സ്ഥാനത്തുവരെ എത്തിയിരുന്ന കേരള ബ്ളാസ്റ്റേഴ്സിന് സെമിഫൈനൽ ഉറപ്പിക്കാനുള്ള അവസരമാണ് ഇന്നത്തത്തേത്.

1. ഈ സീസണിൽ ബ്ളാസ്റ്റേഴ്സിന്റെ 14-ാമത് മത്സരമാണിത്. 13 മത്സരങ്ങളിൽ ആറ് വിജയങ്ങൾ നേടിയ ബ്ളാസ്റ്റേഴ്സ് 23 പോയിന്റുമായി പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. അഞ്ചു സമനിലകൾ വഴങ്ങിയ കേരള ടീം രണ്ടേ രണ്ട് മത്സരങ്ങളൽ മാത്രമേ തോറ്റുള്ളൂ. സീസണിൽ ഏറ്റവും കുറച്ച് തോൽവികൾ വഴങ്ങിയ ടീമുകൾ ബ്ളാസ്റ്റേഴ്സും എ.ടി.കെ മോഹൻ ബഗാനുമാണ്.

2. പോയിന്റ് പട്ടികയിൽ ബ്ളാസ്റ്റേഴ്സിനെക്കാൾ മുന്നിലുള്ളത് ഹൈദരാബാദ് എഫ്.സി മാത്രമാണ്. 15 മത്സരങ്ങളിൽ നിന്ന് 26 പോയിന്റാണ് ഹൈദരാബാദ് എഫ്.സിക്കുള്ളത്. ബ്ളാസ്റ്റേഴ്സിനെക്കാൾ രണ്ട് മത്സരങ്ങൾ കൂടുതൽ കളിച്ചിട്ടാണ് ഹൈദരാബാദ് എഫ്.സി മൂന്ന് പോയിന്റ് ലീഡ് നേടിയത്.

3.സീസണിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ (7) നേടിയിട്ടുള്ളഹൈദരാബാദ് കഴിഞ്ഞ ദിവസം എ.ടി.കെ മോഹൻ ബഗാനോട് തോറ്റത് ബ്ളാസ്റ്റേഴ്സിന് ഗുണകരമാണ്. ഒന്നിനെതിരേ രണ്ടു ഗോളുകൾക്കായിരുന്നു എ.ടി.കെയുടെ ജയം.

4. ഇന്ന് വിജയിച്ചാൽ ബ്ളാസ്റ്റേഴ്സിന് ഹൈദരാബാദിനൊപ്പം 26 പോയിന്റാകും. എന്നാൽ അപ്പോഴും ഗോൾ ശരാശരിയുടെ ബലത്തിൽ ഹൈദരാബാദ് തന്നെ ഒന്നാമതായി തുടരും.

5. ബ്ളാസ്റ്റേഴ്സും ജംഷഡ്പുരും തമ്മിൽ ഈ സീസണിൽ ഏറ്റുമുട്ടുന്നത് രണ്ടാം തവണയാണ്. കഴിഞ്ഞ ഡിസംബർ 26ന് ഇരുവരും ഏറ്റുമുട്ടിയപ്പോൾ 1-1ന് സമനിലയിൽ പിരിയുകയായിരുന്നു.

6.ബ്ളാസ്റ്റേഴ്സിനെപ്പോലെ 13 മത്സരങ്ങളാണ് ജംഷഡ്പുരും പൂർത്തിയാക്കിയിരിക്കുന്നത്. ആറ് വിജയങ്ങൾ ഉൾപ്പടെ 22 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് അവർ. ഇന്ന് ബ്ളാസ്റ്റേഴ്സിനെ മലർത്തിയടിച്ചാൽ 25 പോയിന്റുമായി ജംഷഡ്പുർ ബ്ളാസ്റ്റേഴ്സിനെ പിന്തള്ളി രണ്ടാമതെത്തും.