
വെല്ലിംഗ്ടൺ : കാനഡയിലെ ' ഫ്രീഡം കൺവോയ് " മാതൃകയിൽ ന്യൂസിലൻഡിലും വാക്സിൻ വിരുദ്ധ പ്രക്ഷോഭം. കൊവിഡ് നിയന്ത്രണങ്ങൾക്കും വാക്സിനേഷനുമെതിരെ ട്രക്കുകളിലെത്തിയ പ്രതിഷേധക്കാർ ചൊവ്വാഴ്ച വെല്ലിംഗ്ടണിലുള്ള ന്യൂസിലൻഡ് പാർലമെന്റിന് സമീപത്തുള്ള തെരുവുകളിൽ ഉപരോധം നടത്തി.
പാർലമെന്റ് മന്ദിരത്തിന് ചുറ്റുമുള്ള റോഡുകളിൽ നൂറുകണക്കിന് ട്രക്കുകളാണ് അണിനിരന്നത്. അതേ സമയം, ആദ്യദിനം പ്രതിഷേധം സമാധാനപരമായിരുന്നെങ്കിലും ഇന്നലെ പാർലമെന്റിന് പുറത്ത് വച്ച് പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടിയിരുന്നു. റോഡുകൾ തടഞ്ഞ വാഹനങ്ങൾ പലതും ഇന്നലെ പിരിഞ്ഞുപോയെങ്കിലും പ്രതിഷേധക്കാരിൽ ഒരു വിഭാഗം ' കൺവോയ് ഒഫ് ഫ്രീഡം " എന്ന പേരിൽ പാർലമെന്റ് പരിസരത്ത് തന്നെ തുടരുകയാണ്.
അതേ സമയം, ഭൂരിഭാഗം ന്യൂസിലൻഡുകാരും സർക്കാരിന്റെ വാക്സിൻ നയങ്ങൾക്ക് അനുകൂലമാണെന്ന് പ്രധാനമന്ത്രി ജസീന്ത ആർഡേൻ പറഞ്ഞു. രാജ്യത്ത് ആരോഗ്യം, പ്രതിരോധം, വിദ്യാഭ്യാസം, നിയമപരിപാലനം തുടങ്ങിയ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് വാക്സിനേഷൻ നിർബന്ധമാക്കിയിരുന്നു. ന്യൂസിലൻഡിലെ 77 ശതമാനം പേരും പൂർണമായും വാക്സിനേഷന് വിധേയമായിട്ടുണ്ട്.