
തിരുവനന്തപുരം: മലമ്പുഴ കുമ്പാച്ചിമലയിടുക്കിൽ കുടുങ്ങിപ്പോയ ബാബുവിനെ രക്ഷിക്കാൻ സംസ്ഥാന സർക്കാർ വൈകിയെന്ന വിമർശനത്തെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു ദുരന്ത സമയത്ത് സ്വീകരിക്കേണ്ട നടപടി ക്രമങ്ങളുണ്ടെന്നും, അതനുസരിച്ചാണ് സർക്കാർ നീങ്ങിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം കാര്യങ്ങൾ നടക്കുമ്പോൾ അതിന്റെ നല്ല വശമല്ല നമ്മൾ കാണുന്നത്. എങ്ങനെ മോശമായി ചിത്രീകരിക്കാം എന്ന് താൽപര്യമുള്ള ഒരു വിഭാഗം കേരളത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വിമർശിച്ചു. തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം
മുഖ്യമന്ത്രിയുടെ വാക്കുകൾ-
'എല്ലാ കാര്യത്തെയും വിമർശിച്ചേ അടങ്ങൂ എന്ന് വാശിയുള്ളവരുണ്ട്. അതിന്റെ ഭാഗമായിട്ടാണ് വിമർശനം. ഇത്തരമൊരു ദുരന്തം വന്നാൽ, ആ ദുരന്തത്തിന് സ്വീകരിക്കേണ്ട നടപടി ക്രമങ്ങളുണ്ട്. അതിനനുസരിച്ചാണ് കാര്യങ്ങൾ നീങ്ങിയിട്ടുള്ളത്. കൃത്യതയോടെ അവിടെയുള്ള ഇടപെടലുകൾ നടന്നുവെന്നാണ് വസ്‌തുത. അതിൽ ആദ്യം ശ്രമിച്ച ഏജൻസികൾക്ക് വിജയകരമായി പൂർത്തിയാക്കാൻ കഴിയുന്നില്ല എന്നുവരുമ്പോഴാണ് കരസേനയുടെ ആവശ്യം വരുന്നത്. ആ ഘട്ടത്തിൽ തന്നെ കരസേനയോട് അഭ്യർത്ഥിക്കുകയും ചെയ‌്തു. വളരെ ഫലപ്രദമായി അവരതിൽ ഇടപെടുകയും ചെയ‌്തു. ഒരുതരത്തിലുള്ള കാലതാമസവും വന്നില്ല എത്തുതന്നെയാണ് കാണാൻ കഴിയുക. പക്ഷേ നമ്മുടെ നാട്ടിലുള്ള പ്രത്യേകത എന്താണെന്ന് വച്ചാൽ, ഇത്തരം കാര്യങ്ങൾ നടക്കുമ്പോൾ അതിന്റെ നല്ല വശമല്ല നമ്മൾ കാണുന്നത്. എങ്ങനെ മോശമായി ചിത്രീകരിക്കാം എന്ന് താൽപര്യമുള്ള ഒരു വിഭാഗം കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്. ദൗർഭാഗ്യവശാൽ ആ ഒരു മാനസികാവസ്ഥയാണ് സംസ്ഥാനത്തെ പ്രതിപക്ഷത്തിനുമുള്ളത്'.