covid

വാഷിംഗ്ടൺ : ലോകത്ത് ഇതുവരെ കണ്ടെത്തിയിട്ടുള്ള കൊവിഡ് കേസുകൾ 40 കോടി ( 402,767,162 ) പിന്നിട്ടു. 30 കോടി കേസുകൾ തികഞ്ഞ് വെറും ഒരു മാസം പിന്നിട്ടപ്പോഴാണ് 40 കോടിയിലേക്കെത്തിയതെന്ന് ജോൺ ഹോപ്കിൻസ് യൂണിവേഴ്സിറ്റി വ്യക്തമാക്കി.

ഒമിക്രോൺ വകഭേദമാണ് കേസുകൾ കുത്തനെ ഉയരാൻ കാരണം. 2019 അവസാനം മുതലുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ ഒരു വർഷം കൊണ്ട് 2021 ജനുവരിയിലാണ് 100 ദശലക്ഷം കൊവിഡ് രോഗികൾ ലോകത്തുണ്ടായത്. എന്നാൽ, ഇപ്പോൾ വെറും ആറ് മാസകാലയളവിൽ കേസുകൾ ഇരട്ടിയായി വർദ്ധിക്കുകയാണ്. 5,785,000ലേറെ മരണങ്ങളാണ് ലോകത്താകെ ഇതുവരെ റിപ്പോർട്ട് ചെയ്തത്.

അതേ സമയം, ലോകത്ത് കൊവിഡിന്റെ ഒമിക്രോൺ വകഭേദം ഇതുവരെ കവർന്നത് 500,000 പേരുടെ ജീവനാണ്. ലോകമെമ്പാടുമുള്ള 13 കോടി പേരെയാണ് ഒമിക്രോൺ പിടികൂടിയതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

 രോഗം പടർന്നത് ഹാംസ്റ്ററുകളിൽ നിന്ന് ?

അടുത്തിടെ ഹോങ്കോങ്ങിൽ കൊവിഡ് ക്ലസ്റ്റർ രൂപപ്പെട്ടതിന് പിന്നിൽ ഹാംസ്റ്ററുകളിലെ വൈറസ് സാന്നിദ്ധ്യം തന്നെയെന്ന് സ്ഥിരീകരിക്കുന്ന ഗവേഷണ റിപ്പോർട്ട് പുറത്ത്. ഹോങ്കോങ്ങിലേക്ക് ഇറക്കുമതി ചെയ്ത ഹാംസ്റ്ററുകളിൽ കൊവിഡിന്റെ ഡെൽറ്റാ വകഭേദം കണ്ടെത്തിയെന്നാണ് റിപ്പോർട്ടിലുള്ളത്.

എന്നാൽ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഒരു ഹാംസ്റ്റർ പെറ്റ് ഷോപ്പിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട കൊവിഡ് വ്യാപനത്തിൽ 50 ലേറെ പേരാണ് രോഗികളായത്. ഹോങ്കോങ്ങ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ ഹാംസ്റ്ററുകളിൽ നിന്ന് ശേഖരിച്ച സാമ്പിളുകളിൽ ജനിതക പഠനങ്ങൾ നടത്തിയിരുന്നു. പെറ്റ് ഷോപ്പിലെ ജീവനക്കാരനിലാണ് ആദ്യം ഡെൽറ്റ സാന്നിദ്ധ്യം കണ്ടെത്തിയത്. തുടർന്നാണ് ഉറവിടം ഹാംസ്റ്ററുകളാണോയെന്ന അന്വേഷണം ആരംഭിച്ചത്.

ആദ്യം രോഗബാധിതരായ 3 പേരുടെയും 12 ഹാംസ്റ്ററുകളുടെയും സാമ്പിളുകളുടെ ജനിതക ശ്രേണീകരണത്തിൽ നിന്ന് ഹോംങ്കോങ്ങിൽ ഇതുവരെ കണ്ടെത്തിയിട്ടില്ലാത്ത ഡെൽറ്റ വകഭേദമാണ് ഇവയിൽ കണ്ടെത്തിയതെന്ന് ഗവേഷക‌ർ പറഞ്ഞു. ഇത് പൊതുവായ ഏതെങ്കിലും ഉറവിടത്തിൽ നിന്ന് പടർന്നതാകാമെന്നും കരുതുന്നു.