balachandra-kumar

കൊച്ചി: സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരെ പീഡന പരാതി നല്കിയ യുവതിയുടെ മൊഴി പൊലീസ് ഇന്നും രേഖപ്പെടുത്തി. കോടതിയിൽ നൽകിയ രഹസ്യമൊഴിയിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനാണ് പൊലീസ് ഇന്നും യുവതിയുടെ മൊഴിയെടുത്തത്. ഇന്നലെ യുവതിയുടെ പ്രാഥമിക മൊഴി പൊലീസ് എടുത്തിരുന്നു. കോടതിയിൽ രഹസ്യമൊഴി നൽകിയ യുവതിയിൽ നിന്ന് കൂടുതൽ കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതിനാണ് ഇന്നും മൊഴി എടുത്തത്. തിരുവനന്തപുരം ഹൈ ടെക് സെൽ അഡിഷണൽ എസ് പിക്കാണ് കേസിന്‍റെ അന്വേഷണ ചുമതല. കേസിൽ തുടർ നടപടികളുമായി പൊലീസ് മുന്നോട്ട് പോകും.

ജോലി ചെയ്യുന്ന യുവതിയെ പത്ത് കൊല്ലം മുമ്പ് കൊച്ചിയിൽ വെച്ച് ബാലചന്ദ്രകുമാർ പീഡിപ്പിച്ചെന്നാണ് പരാതി. പീഡനദൃശ്യങ്ങൾ മൊബൈല്‍ ഫോണിൽ പകര്‍ത്തി. ഈ ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് ഇത് വരെ പരാതി നല്‍കാതിരുന്നതെന്ന് യുവതി പറയുന്നു. ഇപ്പോള്‍ നടിയുടെ നീതിക്ക് വേണ്ടി ബാലചന്ദ്രകുമാർ രംഗത്ത് വന്നത് കണ്ടപ്പോഴാണ് ദുരനുഭവം തുറന്നുപറയാന്‍ തയ്യാറായതെന്നാണ് യുവതി പറയുന്നത്.