hijab

ബെംഗളൂരു: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്കിനെതിരെ വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജി കര്‍ണാടക ഹൈക്കോടതി വിശാല ബെഞ്ചിന് കൈമാറി. ജസ്റ്റിസ് കൃഷ്ണ ദീക്ഷിതിന്റെ ഏകാംഗ ബെഞ്ചാണ് വിഷയം വിശാല ബെഞ്ചിലേക്ക് കൈമാറിയത്. ഇടക്കാല ഉത്തരവും വിശാല ബെഞ്ച് പരിഗണിക്കുമെന്ന് ജസ്റ്റിസ് ദീക്ഷിത് ഉത്തരവില്‍ വ്യക്തമാക്കി.വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസില്‍ പങ്കെടുക്കാന്‍ സഹായകരമായ ഇടക്കാല വിധി പുറപ്പെടുവിക്കണമെന്ന് ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകരായ സഞ്ജയ് ഹെഗ്ഡെ, ദേവദത്ത് കാമത്ത് എന്നിവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ കോടതി ഇക്കാര്യം അംഗീകരിച്ചില്ല.

ഹിജാബ് യൂണിഫോമിന്റെ അവിഭാജ്യ ഘടകമല്ലെന്ന് കര്‍ണാടക സര്‍ക്കാരിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ വാദിച്ചു. കോളജ് അധികൃതര്‍ നിര്‍ദേശിക്കുന്ന യൂണിഫോമിലാണ് വിദ്യാര്‍ത്ഥികള്‍ വരേണ്ടത് എന്നും ഇടക്കാല വിധി പുറപ്പെടുവിക്കരുത് എന്നും അദ്ദേഹം ആവശ്യപ്പെട്ടു.വിധിക്കു പിന്നാലെ ബംഗളൂരുവിലെ കോളേജുകളിലും സ്‌കൂളുകളിലും സര്‍ക്കാര്‍ പ്രതിഷേധ പ്രകടനങ്ങള്‍ നിരോധിച്ചു. വിദ്യാലയങ്ങളുടെ 200 മീറ്റര്‍ ചുറ്റളവില്‍ രണ്ടാഴ്ചത്തേക്കാണ് നിരോധനം.ഉഡുപ്പിയിലെ സര്‍ക്കാര്‍ പ്രീ-യൂണിവേഴ്സിറ്റി കോളജിലെ അഞ്ച് പെണ്‍കുട്ടികള്‍ സമര്‍പ്പിച്ച ഹര്‍ജികളാണ് ഹൈക്കോടതി പരിഗണിച്ചത്. കേസ് കോടതിയുടെ പരിഗണനയിലുള്ളതിനാല്‍ പ്രതിഷേധ പരിപാടികള്‍ ഒഴിവാക്കണമെന്ന് ജസ്റ്റിസ് ദീക്ഷിത് കൃഷ്ണ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കോടതി കേസില്‍ വിശദമായി വാദം കേട്ടിരുന്നു.

ഇരുവിഭാഗങ്ങള്‍ നേര്‍ക്കുനേര്‍ തിരിഞ്ഞതിനെ തുടര്‍ന്ന് കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മൂന്ന് ദിവസം അടച്ചിടാന്‍ നിര്‍ബന്ധിതരായിരുന്നു.ഹിജാബിനെ ചൊല്ലിയുള്ള തര്‍ക്കം കര്‍ണാടകയുടെ പല ഭാഗങ്ങളിലേക്കും വ്യാപിച്ചതോടെ ബെംഗളൂരുവിലെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും സമീപം നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടാഴ്ചത്തേക്കാണ് കടുത്ത നിയന്ത്രണം.ഹൈക്കോടതി ചീഫ് ജസ്റ്റിസിന് മുമ്പാകെ വിഷയം ഉടനടി പരിഗണിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടിയന്തരപ്രധാന്യവും വ്യക്തമാക്കിയിട്ടുണ്ട്. ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് നല്‍കുന്നതടക്കം വിശാല ബെഞ്ച് പരിഗണിക്കുമെന്നും ജസ്റ്റിസ് ദീക്ഷിതിന്റെ ഉത്തരവില്‍ പറയുന്നു.