manchester

ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗിൽ കഴിഞ്ഞ രാത്രി നടന്ന മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ സമനിലയിൽ തളച്ച് ലീഗിലെ അവസാനക്കാരായ ബേൺലി. സ്വന്തം തട്ടകത്തിൽ ന‌ടന്ന മത്സരത്തിൽ 1-1നാണ് ബേൺലി സമനില നേടിയത്. ക്രിസ്റ്റ്യാനോ റൊണാൾഡോയെ ബെഞ്ചിലിരുത്തി കളി തുടങ്ങിയ മാഞ്ചസ്റ്റർ 18-ാം മിനിട്ടിൽ പോൾ പോഗ്ബയിലൂടെ മുന്നിലെത്തിയിരുന്നു. ആദ്യ പകുതിയിൽ ഈ ഗോളിന് ലീഡ് ചെയ്ത മാഞ്ചസ്റ്ററിന് പക്ഷേ രണ്ടാം പകുതിയുടെ രണ്ടാം മിനിട്ടിൽ തന്നെ തിരിച്ചടിയേറ്റു. 47-ാം മിനിട്ടിൽ ജേ റോഡിഗ്രസാണ് ബേൺലിക്ക് വേണ്ടി സമനില ഗോൾ നേടിയത്. തുടർന്ന് 68-ാം മിനിട്ടിൽ ക്രിസ്റ്റ്യാനോയെ കളത്തിലിറക്കിയെങ്കിലും മാഞ്ചസ്റ്ററിന് വിജയിക്കാനായില്ല.

ഇതോടെ പ്രിമിയർ ലീഗിൽ 23 മത്സരങ്ങളിൽ നിന്ന് 39 പോയിന്റുമായി അഞ്ചാംസ്ഥാനത്തുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾക്ക് മങ്ങലേറ്റിട്ടുണ്ട്. ലീഗിൽ 20-ാം സ്ഥാനക്കാരായ ബേൺലിക്ക് 14 പോയിന്റാണുള്ളത്.