cm-nikesh-kumar

തിരുവനന്തപുരം: പീഡനദൃശ്യം ചോർന്ന സംഭവത്തിൽ നടി തനിക്ക് നൽകിയെന്ന് പറയുന്ന പരാതി ശ്രദ്ധയിൽ പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നടി തനിക്ക് പരാതി അയച്ചുവെന്ന് പറയുന്നത് വിദേശത്ത് നിന്ന് വന്നതിന് ശേഷം ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും, എന്താണെന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കൂടാതെ, പ്രസ്‌തുത കേസിൽ പ്രോസിക്യൂട്ടർമാരുടെ നിയമനം ഏകപക്ഷീയമായി നടത്തുന്നതല്ല. ബന്ധപ്പെട്ട കക്ഷികൾ കൂടി അഭിപ്രായപ്പെടുന്ന ആളെയാണ് സാധാരണഗതിയിൽ പ്രോസിക്യൂട്ടറായി നിയമിക്കുക. അതാണ് കാലതാമസത്തിന് ഇടയാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപ് ഗൂഢാലോചന നടത്തിയെന്ന ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ പുറത്തുകൊണ്ടുവന്ന റിപ്പോർട്ടർ ടിവി എംഡി നികേഷ് കുമാറിനുമെതിരെ കേസെടുത്ത പൊലീസ് നടപടിയിൽ മുഖ്യമന്ത്രിയുടെ പ്രതികരണം ഇപ്രകാരമായിരുന്നു. ഇത്തരം നടപടികളിൽ മാദ്ധ്യമപ്രവർത്തകരാണെന്ന് കരുതി പൊലീസന് കേസെടുക്കാതിരിക്കാൻ ആവില്ല. എന്തായാലും ഇക്കാര്യം പരിശോധിക്കുമെന്നും, മാദ്ധ്യമസ്വാതന്ത്ര്യം തടയുന്ന നടപടികളുണ്ടെങ്കിൽ ആവശ്യമായ കാര്യങ്ങൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പു നൽകി.