
മുംബയ്: സൂപ്പർമാർക്കറ്റുകളിലും മറ്റും വൈൻ വിൽക്കാൻ മഹാരാഷ്ട്ര സർക്കാർ അനുമതി നൽകിയതിനെതിരെ ഫെബ്രുവരി 14 മുതൽ അനിശ്ചിതകാല നിരാഹാര സത്യഗ്രഹമിരിക്കുമെന്ന് പ്രഖ്യാപിച്ച് പ്രമുഖ ഗാന്ധിയൻ അണ്ണാ ഹസാരെ മുഖ്യമന്ത്രിക്ക് കത്തെഴുതി.
'സംസ്ഥാനത്തൊട്ടാകെയുള്ള ജനങ്ങളുടെ വികാരം മാനിച്ച് സർക്കാർ വൈൻ വിൽക്കാനുള്ള തീരുമാനം പിൻവലിക്കണം. അല്ലെങ്കിൽ 14 മുതൽ റലേഗാവ് സിദ്ധിയിലെ യാദവ് ബാബ ക്ഷേത്രത്തിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കും' - ഹസാരെ കത്തിൽ പറഞ്ഞു.
സംസ്ഥാനത്തിന്റെ വരുമാനം വർദ്ധിപ്പിക്കുന്നതിനും വൈൻ ഉത്പാദകരുടെയും വിൽപ്പനക്കാരുടെയും താൽപ്പര്യങ്ങൾ കണക്കിലെടുത്തുമാണ് സർക്കാർ ഈ തീരുമാനം എടുത്തതെന്ന് തോന്നുന്നു. എന്നാൽ ഈ തീരുമാനം കൊച്ചുകുട്ടികൾക്കും യുവാക്കൾക്കും സ്ത്രീകൾക്കും വളെര പ്രതികൂലം സാഹചര്യങ്ങൾ സൃഷ്ടിക്കുമെന്ന് സർക്കാർ മനസിലാക്കുന്നില്ല. അവരാണ് അതിന്റെ ദുരിതം അനുഭവിക്കുക.- ഹസാരെ ചൂണ്ടിക്കാട്ടി.