dgca

മുംബയ്: മുംബയ് വിമാനത്താവളത്തിൽ നിന്ന് 70 യാത്രക്കാരും നാലു ജീവനക്കാരുമടക്കം പുറപ്പെട്ട എ.ടി.ആർ 72600 വിമാനത്തിന് എൻജിൻ കവറില്ലെന്നത് ആശങ്കയ്ക്കിടയാക്കിയെങ്കിലും ഗുജറാത്തിലെ ഭുജിൽ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്‌തു. സംഭവത്തിൽ ഡി.ജി.സി.എ അന്വേഷണം പ്രഖ്യാപിച്ചു.

മുംബയിൽ നിന്ന് ടേക്ക് ഓഫ് ചെയ്യുന്നതിനിടെ എൻജിൻ കവർ റൺവേയിൽ വീണുപോയതാവാമെന്നാണ് നിഗമനം. അതേസമയം എൻജിൻ കവർ നഷ്ടപ്പെട്ടത് വിമാനത്തിന്റെ പ്രവർത്തനത്തെ ഗുരുതരമായി ബാധിക്കില്ലെന്നാണ് ഡി.ജി.സി.എ വൃത്തങ്ങൾ പ്രതികരിച്ചത്. നേരിയ രീതിയിൽ ചില ഭാഗങ്ങളുടെ പ്രവർത്തനത്തെ ബാധിക്കാമെന്നും അവർ കൂട്ടിച്ചേർത്തു.

അറ്റകുറ്റപ്പണികളിലെ പോരായ്മയാവാം സംഭവത്തിന് പിന്നിലെന്നാണ് സൂചനയെന്ന് വിമാനത്താവളം അധികൃതർ പറഞ്ഞത്. ആശങ്കപ്പെടേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല. വിമാനം സുരക്ഷിതമായി ഗുജറാത്തിൽ ലാൻഡ് ചെയ്‌തെന്നും അധികൃതർ വ്യക്തമാക്കി.