
തിരുവനന്തപുരം: കാര്യവട്ടം സ്‌പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ- ലക്ഷ്മിബായി നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ മികച്ച ഫിസിക്കൽ എജ്യൂക്കേഷൻ കോളേജിനുള്ള ഡോ.പി.എം ജോസഫ് പുരസ്‌കാരത്തിന് അർഹമായി. രാജ്യത്തെ കായിക വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് നൂഡൽഹി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഫിസിക്കൽ എഡ്യുക്കേഷൻ ഫൗണ്ടേഷൻ ഒഫ് ഇന്ത്യയാണ് പുരസ്‌കാരത്തിന് സായി- എൽ.എൻ.സി.പി.ഇയെ തിരഞ്ഞെടുത്തത്.
കായിക -വിദ്യാഭ്യാസ-ശാസ്ത്ര മേഖലകളിൽ നൽകി വരുന്ന സംഭാവനകളെ മാനിച്ചാണ് പുരസ്‌കാരം. കായിക വിദ്യാഭ്യാസ മേഖലയിലെ പ്രഗത്ഭരായ പരിശീലകരെയും അധ്യാപകരെയും വാർത്തെടുക്കുന്നതിൽ എൽ.എൻ.സി.പി.ഇ.ക്ക് പ്രമുഖ സ്ഥാനമാണുള്ളത്. കൊവിഡ് സമയത്തും രാജ്യത്തുടനീളമുള്ള 50000 കായിക അധ്യാപകർക്കും പരിശീലകർക്കും വിദ്യാർത്ഥികൾക്കും ഓൺലൈൻ കോഴ്സുകളും പരിശീലന പരിപാടികളും വിജയകരമായി സംഘടിപ്പിച്ചിരുന്നതായി സായി-എൽ.എൻ.സി.പി.ഇ പ്രിൻസിപ്പാളും ഡയറക്ടറുമായ ഡോ. ജി കിഷോർ പറഞ്ഞു.