scientist

ചെന്നൈ: ശാസ്ത്രലോകത്തെ വനിതകളുടെയും പെൺകുട്ടികളുടെയും ആഗോള ദിനാഘോഷങ്ങളുടെ (ഇന്റർനാഷണൽ ഡേ ഒഫ് വിമെൻ ആൻഡ് ഗേൾസ് ഇൻ സയൻസ്) ഭാഗമായി ഹൈദരാബാദ്, കൊൽക്കത്ത, മുംബയ് എന്നിവിടങ്ങളിലെ യു.എസ്. കോൺസുലേറ്റുകളുടെ സഹകരണത്തോടെ ചെന്നൈയിലെ യു.എസ് കോൺസുലേറ്റ് ജനറൽ നാളെ വൈകിട്ട് 6.45ന് സംഘടിപ്പിക്കുന്ന വെർച്വൽ പരിപാടിയിൽ ഇന്ത്യൻ - അമേരിക്കൻ യുവ ശാസ്ത്രജ്ഞ ഗീതാഞ്ജലി റാവു പങ്കെടുക്കും.

ഇന്ത്യയിലെ യു.എസ്. മിഷൻ നടത്തുന്ന 'ഡയസ്‌പോറ ഡിപ്ലോമസി" പരമ്പരയിലെ ആറാമത്തെ പരിപാടിയാണിത്. അമേരിക്കൻ ചലച്ചിത്ര നയതന്ത്ര പ്രോഗ്രാമായ “അമേരിക്കൻ ഫിലിം ഷോകേസ്” മുഖേന “സെർച്ച് ഓൺ: പോസിറ്റീവ് കറന്റ്” എന്ന അഞ്ച് മിനിട്ട് ദൈർഘ്യമുള്ള ഹ്രസ്വ ചലച്ചിത്രവും പ്രദർശിപ്പിക്കും.

ഗീതാഞ്ജലിയുടെ കണ്ടുപിടുത്തങ്ങളിലൊന്നായ ജലത്തിലെ ഈയ മലിനീകരണം തിരിച്ചറിയാൻ കഴിയുന്ന മൊബൈൽ ഉപകരണത്തെക്കുറിച്ചുള്ളതാണ് ഈ ഹ്രസ്വ ചിത്രം. ബംഗളൂരു ആസ്ഥാനമായുള്ള പരിസ്ഥിതി പ്രവർത്തക ഗർവിത ഗുൽഹാത്തിയാണ് പരിപാടിയിൽ ഗീതാഞ്ജലിയെ അഭിമുഖം ചെയ്യുകയെന്ന് ചെന്നൈയിലെ യു.എസ്. കോൺസുൽ ജനറൽ ജൂഡിത്ത് റേവിൻ പറഞ്ഞു.