
രണ്ടേക്കർ വരുന്ന എസ്റ്റേറ്റിനുള്ളിലെ ആഡംബര ബംഗ്ലാവ് വിൽക്കാനായി വച്ചത് 209 കോടി രൂപയ്ക്ക്. ആറുമാസമായിട്ടും ആരും വരാത്തതിനെ തുടർന്ന് 15 കോടി കുറച്ച് വിൽക്കാമെന്ന് വിചാരിച്ചിട്ടും ആർക്കും വേണ്ട. ആളുകൾ വീട് വാങ്ങാൻ വരാത്തതിന് അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. അൽ ഖ്വയ്‌ദ ഭീകരൻ ഉസാമ ബിൻ ലാദന്റെ സഹോദരൻ ഇബ്രാഹിം ബിൻലാദന്റെ ഉടമസ്ഥതയിലുള്ള ബംഗ്ലാവാണ് ഇത്. കണ്ണായ സ്ഥലത്തായിട്ടുപോലും മനോഹരമായ ഈ ബംഗ്ലാവ് വാങ്ങാൻ ആളുകൾ ഇപ്പോഴും മടിക്കുന്നു. വില കുറച്ചാലെങ്കിലും ആളുകൾ വരുമെന്ന പ്രതീക്ഷയിലാണ് ഉടമസ്ഥർ.
1931 ൽ നിർമ്മിച്ച ബംഗ്ലാവ് 1983ലാണ് ഇബ്രാഹിം ബിൻ ലാദൻ വാങ്ങിയത്. 1,653,000 ഡോളറിനാണ് ഇബ്രാഹിം ബംഗ്ലാവ് സ്വന്തമാക്കിയത്. മുൻ ഭാര്യയായിരുന്ന ക്രിസ്റ്റീൻ ഹർതൂണിയനുമൊത്ത് ഇബ്രാഹിം ഏറെക്കാലം ഈ വീട്ടിൽ കഴിഞ്ഞിരുന്നു. സെപ്റ്റംബർ 11 ഭീകരാക്രമണം നടക്കുന്ന സമയത്ത് വിദേശരാജ്യങ്ങളിൽ വെക്കേഷൻ ആസ്വദിക്കാൻ പോയിരുന്ന ഇബ്രാഹിമിന് പിന്നെ അമേരിക്കയിലേക്ക് മടങ്ങിവരാൻ സാധിച്ചിട്ടില്ല. നിലവിൽ ആൾപ്പാർപ്പില്ലാതെ ഒഴിഞ്ഞുകിടക്കുകയാണ് ബംഗ്ലാവ്.
7100 ചതുരശ്ര അടി വിസ്തീർണമുള്ള ബംഗ്ലാവിൽ ഏഴ് കിടപ്പുമുറികളും അഞ്ചു ബാത്ത് റൂമുകളുമുണ്ട്. വീടിനു മുറ്റത്തായി സ്ഥിതി ചെയ്യുന്ന പൂളും സ്പായും കേടുപാടുകളില്ലാതെ തുടരുന്നത് ഒഴിച്ചാൽ ഒഴിഞ്ഞുകിടക്കുന്ന ബംഗ്ലാവ് ഏറെക്കുറെ തകർന്ന നിലയിലാണ്. വീട്. ആരെങ്കിലും വാങ്ങിയാലും അറ്റകുറ്റപ്പണികൾക്കായി ലക്ഷക്കണക്കിന് ഡോളറുകൾ വീണ്ടും മുടക്കേണ്ടി വരും. എസ്റ്റേറ്റിലെ പ്രധാന കെട്ടിടത്തിന് പുറമേ ഗസ്റ്റ് ഹൗസ്, ഗ്രീൻ ഹൗസ്, പൂൾ ഹൗസ് എന്നിവയും ഒരുക്കിയിട്ടുണ്ട്.
അമേരിക്കയിലേക്ക് മടങ്ങാനാവാതെ വന്നതോടെ ആദ്യകാലങ്ങളിൽ ഇബ്രാഹിം വീട് വാടകയ്ക്ക് കൊടുത്തിരുന്നു. എന്നാൽ കുറച്ചു കാലത്തിനു ശേഷം അഡൾറ്റ് ചിത്രങ്ങളുടെ ചിത്രീകരണത്തിനായും ബംഗ്ലാവ് ഉപയോഗിച്ചിരുന്നു. .