modi-rahul

ന്യൂഡൽഹി: പാർലമെന്റിൽ ചർച്ച ചെയ്യുന്ന കാര്യങ്ങൾ കേൾക്കാൻ പോലും തയ്യാറാകാത്ത വ്യക്തിക്ക് മറുപടി കൊടുക്കേണ്ട ആവശ്യം തനിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ഉദ്ദേശിച്ചായിരുന്നു മോദിയുടെ പ്രസ്താവന. ഇന്ത്യാ - ചൈന പ്രതിസന്ധിയേയും രാജ്യത്ത് രൂക്ഷമായികൊണ്ടിരിക്കുന്ന തൊഴിലില്ലായ്മയേയും കുറിച്ച് പാർലമെന്റിൽ ഉന്നയിച്ച ചോദ്യങ്ങൾക്കുള്ള മറുപടി പ്രധാനമന്ത്രി ഇനിയും നൽകിയിട്ടില്ലെന്ന് രാഹുൽ ഗാന്ധി നേരത്തെ വിമർശിച്ചിരുന്നു. ഇതിനുള്ള മറുപടി ആയിട്ടാണ് മോദി രാഹുലിനെ വ്യക്തിപരമായി കടന്നാക്രമിച്ചത്.

രാഹുൽ ഗാന്ധിയും കോൺഗ്രസും പാർലമെന്റിൽ ഉന്നയിച്ച എല്ലാ ചോദ്യങ്ങൾക്കുമുള്ള മറുപടികൾ അതത് മന്ത്രിമാർ ഇതിനോടകം തന്നെ പാർലമെന്റിൽ നൽകികഴിഞ്ഞെന്നും അതൊന്നും ശ്രദ്ധിക്കാതെ വീണ്ടും അതേ ചോദ്യങ്ങൾക്കുള്ള ഉത്തരം തന്നെ നൽകണമെന്ന് വാശിപിടിക്കുന്ന ആൾക്ക് താൻ എന്തിന് മറുപടി നൽകണമെന്നും മോദി ചോദിച്ചു.

താൻ ആരെയും കടുത്ത ഭാഷയിൽ വിമർശിക്കാറില്ലെന്നും ആക്രമണോത്സുകകമായി വാക്കുകൾ പ്രയോഗിക്കുന്നത് തന്റെ ശൈലിയല്ലെന്നും മോദി പറഞ്ഞു. എന്നാൽ താൻ പറയുന്ന കാര്യങ്ങൾ വാ‌ർത്തയാക്കുന്ന മാദ്ധ്യമങ്ങളാണ് താൻ പ്രതിപക്ഷത്തെയും പ്രതിപക്ഷ നേതാവിനെയും വാക്കുകൾ കൊണ്ട് ആക്രമിച്ചുവെന്ന് പറയുന്നതെന്ന് മോദി വ്യക്തമാക്കി.