india-cricket

രണ്ടാം ഏകദി​നത്തി​ൽ വിൻഡീസിനെ 44 റൺസിന് കീഴടക്കി

മൂന്ന് മത്സര പരമ്പരയി​ൽ ഇന്ത്യ 2-0ത്തി​ന് മുന്നി​ൽ

ഇന്ത്യ 237/9

സൂര്യകുമാർ 64,രാഹുൽ 49

ഓഡിയൻ സ്മിത്ത് 2/29

വെസ്റ്റ് ഇൻഡീസ് 193

ഷമർ ബ്രൂക്സ് 44, അകീൽ ഹൊസൈൻ 34

പ്രസിദ്ധ് 4/12,ശാർദ്ദൂൽ 2/41

മാൻ ഒഫ് ദ മാച്ച് : പ്രസിദ്ധ് കൃഷ്ണ

അഹമ്മദാബാദ്: വെസ്റ്റിൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് 44 റൺസിന്റെ വിജയം. ഇതോടെ ഒരു മത്സരം ശേഷിക്കെ തന്നെ ഇന്ത്യ പരമ്പര സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 237 റൺസ് നേടി. മറുപടിക്കിറങ്ങിയ വിൻഡീസ് 46 ഓവറിൽ 193 റൺസിന് ഓൾഔട്ടാവുകയായിരുന്നു. 9 ഓവറിൽ 3 മെയ്ഡനുൾപ്പെടെ വെറും 12 റൺസ് നൽകി 4 വിക്കറ്റ് വീഴ്ത്തിയ പേസർ പ്രസിദ്ധ് കൃഷ്ണയാണ് വിൻഡീസ് ബാറ്റിംഗ് നിരയുടെ നട്ടെല്ലൊടിച്ചത്.

നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിലാണ് 237 റൺസെടുത്തത്. അർദ്ധ സെഞ്ച്വറി നേടിയ സൂര്യകുമാർ യാദവ്(64),കെ.എൽ രാഹുൽ (49),ദീപക് ഹൂഡ(29*),വാഷിംഗ്ടൺ സുന്ദർ (24) എന്നിവരുടെ പോരാട്ടമാണ് ഇന്ത്യയെ 237ലെത്തിച്ചത്. വിരാട് കൊഹ്‌ലിയും റിഷഭ് പന്തും 18 റൺസ് വീതം നേടിയപ്പോൾ ക്യാപ്ടൻ രോഹിത് അഞ്ചുറൺസെ‌ടുത്ത് പുറത്തായി.

റിഷഭ് പന്തിനെ ഓപ്പണിംഗിനിറക്കിയ രോഹിതിന്റെ പരീക്ഷണം പാളുന്നത് കണ്ടാണ് ഇന്ത്യൻ ഇന്നിംഗ്സ് തുടങ്ങിയത്. കഴിഞ്ഞ കളിയിൽ ഓപ്പൺ ചെയ്ത ഇഷാൻ കിഷനെ മാറ്റി കെ.എൽ രാഹുലിനെ ടീമിലെടുത്തിരുന്നു. എന്നാൽ ഓപ്പണറായ രാഹുലിനെ മദ്ധ്യനിരയിലേക്ക് മാറ്റി റിഷഭിനെ ആദ്യമായി തനിക്കൊപ്പം ഓപ്പണിംഗിൽ പരീക്ഷിച്ച രോഹിത് മൂന്നാം ഓവറിൽത്തന്നെ കൂടാരം കയറി. പതിവ് ശൈലിയിൽ നിന്ന് വിഭിന്നമായി പ്രതിരോധത്തിൽ കളിച്ച റിഷഭ് 34 പന്തിൽ 18 റൺസെടുത്ത് 12-ാം ഓവറിൽ പുറത്തായി. ഇതേ ഓവറിന്റെ അവസാന പന്തിൽ ഓഡിയൻ സ്മിത്ത് വിരാട് കൊഹ്‌ലിയെയും പുറത്താക്കിയപ്പോൾ ഇന്ത്യ 43/3 എന്ന നിലയിലായി.

തുടർന്ന് ക്രീസിലൊരുമിച്ച കെ.എൽ രാഹുലും സൂര്യകുമാർ യാദവും കൂട്ടിച്ചേർത്ത 91 റൺസാണ് ഇന്ത്യൻ ഇന്നിംഗ്സിന് അ‌ടിത്തറയായത്. അർദ്ധസെഞ്ച്വറിക്ക് റൺസ് അകലെവച്ച് റൺഒൗട്ടാവുകയായിരുന്നു രാഹുൽ. രണ്ടാം റൺസിനോടുന്നതിനിടെ സൂര്യയുമായുള്ള ആശയക്കുഴപ്പത്തിലാണ് ഇന്ത്യൻ വൈസ് ക്യാപ്ടന്റെ വിക്കറ്റ് പോയത്. തുടർന്ന് ക്രീസിലെത്തിയ വാഷിംഗ്ടൺ സുന്ദറിനെക്കൂട്ടി സൂര്യ തന്റെ രണ്ടാം ഏകദിന അർദ്ധസെഞ്ച്വറിയും ഏറ്റവും ഉയർന്ന സ്കോറും കുറിച്ചു. ടീം സ്കോർ 177ൽ നിൽക്കവേയാണ് സൂര്യയെ ഫാബിയൻ അല്ലൻ മടക്കി അയച്ചത്. തുടർന്നിറങ്ങിയ ദീപക് ഹൂഡ ഒരറ്റത്ത് നിൽക്കവേ വാഷിംഗ്ടൺ സുന്ദർ കൂടാരം കയറി. അപ്പോൾ ടീം സ്കോർ 192/6. തു‌ടർന്ന് ശാർദ്ദൂൽ (8), സിറാജ് (3) എന്നിവർ കൂടി പുറത്തായി.226ലെത്തിയപ്പോൾ ഹൂഡയും മടങ്ങി.11 റൺസെ‌ടുത്ത് ചഹലും റൺസില്ലാതെ ചഹലും പുറത്താകാതെ നിന്നു.

വിൻഡീസിന് വേണ്ടി അൽസാരി ജോസഫും ഒാഡിയൻ സ്മിത്തും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ കെമർ റോച്ച്,ജാസൺ ഹോൾഡർ,അകീൽ ഹൊസൈൻ,ഫാബിയൻ അല്ലൻ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.

മറുപടിക്കിറങ്ങിയ വിൻഡീസിന്റെ ഓപ്പണർ ബ്രാൻഡർ കിംഗിനെ എട്ടാം ഓവറിൽ റിഷഭ് പന്തിന്റെ കയ്യിലെത്തിച്ച് പ്രസിദ്ധ് കൃഷ്ണ വേട്ട തുടങ്ങി. തന്റെ അടുത്ത ഓവറിൽ സമാനമായ രീതിയിൽ ഡാരൻ ബ്രാവോയെയും(1) പ്രസിദ്ധ് കൂടാരം കയറ്റി. 17-ാം ഓവർ വരെ പിടിച്ചുനിന്ന ഓപ്പണർ ഷായ് ഹോപ്പിനെ (27) ചഹൽ പുറത്താക്കി. നിക്കോളാസ് പുരാനെ 20-ാം ഓവറിൽ പ്രസിദ്ധും ഹോൾഡറെ (2) താക്കൂറും മടക്കി അയച്ചതോടെ വിൻഡീസ് 76/5 എന്ന നിലയിൽ പതറി. തുടർന്ന് ഷമർ ബ്രൂക്സും(44) അകീലും(34) ചേർന്ന് 100 കടത്തി. 117ൽ വച്ച് ബ്രൂക്സ് പുറത്തായെങ്കിലും അകീൽ പോരാട്ടം തുടർന്നു. ഫാബിയൻ അല്ലനും(13),ഓഡിയൻ സ്മിത്തും (24) അൽപ്പം കരുത്ത് കാട്ടിയത് ഇന്ത്യയെ ഒന്നു പരിഭ്രമിപ്പ്രച്ചു. എന്നാൽ ഇന്ത്യൻ ബൗളർമാർ മികവ് തുടർന്നതോടെ വിൻഡീസ് ഇന്നിംഗ്സ് 193ൽ അവസാനിക്കുകയായിരുന്നു. പരമ്പരയിലെ അവസാന മത്സരം നാളെ നടക്കും.