
മോസ്കോ : യുക്രെയിൻ - റഷ്യ പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ കരിങ്കടലിനെ ലക്ഷ്യമാക്കി റഷ്യൻ നേവിയുടെ ആറ് യുദ്ധക്കപ്പലുകൾ നീങ്ങുന്നു. ചൊവ്വാഴ്ച രാത്രിയോടെ മെഡിറ്ററേനിയൻ കടലിൽ നിന്ന് കരിങ്കടലിലേക്ക് പുറപ്പെട്ട ഇവയെ സൈനികാഭ്യാസത്തിന്റെ ഭാഗമായാണ് വിന്യസിക്കുന്നതെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
അതേ സമയം, യുക്രെയിനെ റഷ്യ ഏത് നിമിഷവും ആക്രമിച്ചേക്കാമെന്ന വാർത്തകൾ നിലനിൽക്കെ യുദ്ധക്കപ്പലുകളുടെ കരിങ്കടൽ പ്രവേശനം ചർച്ചയായിരിക്കുകയാണ്. യുക്രെയിൻ അതിർത്തിയുടെ നല്ലൊരു ഭാഗം കരിങ്കടലിനോട് ചേർന്നാണുള്ളത് എന്നതാണ് ആശങ്കകൾക്ക് കാരണം. എന്നാൽ റഷ്യ ഇത്തരം ആരോപണങ്ങൾ തള്ളിക്കളയുന്നുണ്ട്.
യുദ്ധക്കപ്പലുകൾ ബോസ്ഫോറസ് കടലിടുക്ക് കടന്നാണ് കരിങ്കടലിൽ പ്രവേശിക്കുക. കരിങ്കടലിൽ ഉൾപ്പെടെ ഏതാനും സൈനികാഭ്യാസങ്ങൾ നടക്കുന്ന വിവരം റഷ്യ നേരത്തെ അറിയിച്ചിരുന്നു. കൊറൊലെവ്, മിൻസ്ക്, കലിനിൻഗ്രാഡ് യുദ്ധക്കപ്പലുകൾ ഡാർഡെനെൽസ് കടലിടുക്ക് കടന്നിട്ടുണ്ട്. പയോറ്റർ മോർഗുനോവ്, ജോർജി പൊബെഡൊണോസെറ്റ്സ്, ഒലെനെഗോർസ്കി ഗോർന്യാക് എന്നിവ പിന്നാലെ മേഖല കടക്കും.
അതേ സമയം, അയൽരാജ്യമായ ബെലറൂസിൽ റഷ്യയുടെ സംയുക്ത സൈനികാഭ്യാസം ഇന്ന് തുടങ്ങും. റഷ്യൻ സൈനികരും യുദ്ധവിമാനങ്ങൾ ഉൾപ്പെടെയുള്ള ആയുധ സജ്ജീകരണങ്ങളും നേരത്തെ ബെലറൂസിലെത്തിയിരുന്നു. ഫെബ്രുവരി 20 വരെയാണ് സൈനികാഭ്യാസം നടക്കുക.