
ഹൈദരാബാദ്: റുപേ പ്രൈം വോളിബോള്‍ ലീഗിന്റെ അഞ്ചാം മത്സരത്തിൽ അഹമ്മദാബാദ് ഡിഫന്റേഴ്‌സ് രണ്ടിനെതിരെ മൂന്നു സെറ്റുകൾക്ക് കലിക്കറ്റ് ഹീറോസിനെ തോല്‍പ്പിച്ചു. മത്സരത്തിൽ 2-1ന് ലീഡ് നേടിയ ശേഷമായിരുന്നു കലിക്കറ്റിന്റെ തോല്‍വി. സ്‌കോർ: 15-12, 11-15, 15-10, 12-15, 11-15. നിർണായക പോയിന്റുകൾ നേടിയ അഹമ്മദാബാദ് ഡിഫന്റേഴ്‌സിന്റെ അങ്കമുത്തുവാണ് കളിയിലെ താരം. ലീഗില്‍ അഹമ്മദാബാദിന്റെ തുടർച്ചയായ രണ്ടാം ജയവും കലിക്കറ്റിന്റെ തുടർച്ചയായ രണ്ടാം തോൽവിയുമാണിത്. കലിക്കറ്റ് ഹീറോസ് ആദ്യ മത്സരത്തിൽ കൊൽക്കത്ത തണ്ടർബോൾട്ട്‌സിനോടും അഞ്ചുസെറ്റ് പൊരുതിയാണ് തോറ്റിരുന്നത്. ആദ്യ സെറ്റിന്റെ തുടക്കത്തിൽ ഇരുടീമുകളും തുല്യത പാലിച്ചു. ഡിഫന്‍ഡേഴ്‌സിനെ റയാൻ മീഹാന്‍ നയിച്ചപ്പോൾ, അജിത്‌ലാൽ ഹീറോസിനായി മികച്ച സ്മാഷുകളുതിര്‍ത്തു. നിർണായകമായ ഒരു സൂപ്പര്‍ പോയിന്റ് നേടിയ കാലിക്കറ്റ് 13-10ന് മൂന്ന് പോയിന്റ് ലീഡ് നേടി. മികച്ച ബ്ലോക്കിലൂടെ 15-12ന് ആദ്യസെറ്റും സ്വന്തമാക്കി. രണ്ടാം സെറ്റിന്റെ തുടക്കത്തിൽ കുതിച്ച കലിക്കറ്റിനെ ക്യാപ്റ്റൻ മുത്തുസാമിയുടെ ബ്ലോക്കിലൂടെ ഏഴാം പോയിന്റിൽ അഹമ്മദാബാദാബാദ് ഒപ്പം പിടിച്ചു. പിന്നീട് ലീഡ് നേടിയ ഡിഫന്റേഴ്‌സിനെ പിന്നിലാക്കാൻ കലിക്കറ്റ് സൂപ്പര്‍ പോയിന്റ് വിളിച്ചെങ്കിലും ഫലിച്ചില്ല. തുടർച്ചയായി പോയിന്റുകൾ നേടിയ അഹമ്മദാബാദ് ഷോൺ ടി ജോണിന്റെ ഒരു സ്‌പൈക്കിലൂടെ 15-11ന് സെറ്റ് നേടി. അഹമ്മദാബാദാണ് മൂന്നാം സെറ്റിൽ ലീഡെടുത്തത്. അതിമനോഹരമായ ബ്ലോക്കുകളിലൂടെ വീര്യം വീണ്ടെടുത്ത ഹീറോസ് 8-5ന് മുന്നിലെത്തി. അഹമ്മദാബാദ് പത്താം പോയിന്റില്‍ നില്‍ക്കെ അജിത്‌ലാലിന്റെ തുടര്‍ച്ചായ സ്‌പൈക്കുകളുടെ കരുത്തില്‍ 15-10ന് കാലിക്കറ്റ് മൂന്നാം സെറ്റ് സ്വന്തമാക്കി. നാലാം സെറ്റില്‍ വീണ്ടും അഹമ്മദാബാദിന്റെ തിരിച്ചുവരവ് കണ്ടു. നിര്‍ണായകമായ അഞ്ചാം സെറ്റിന്റെ തുടക്കം മുതല്‍ ഡിഫന്റേഴ്‌സ് ഹീറോസിനെ സമ്മര്‍ദത്തിലാക്കി 6-2ന് നാലു പോയിന്റ് ലീഡ് നേടി. കാലിക്കറ്റ് തിരിച്ചുവരവിന് ശ്രമിച്ചു. അങ്കമുത്തു ചില മികച്ച സ്‌പൈക്കുകള്‍ നടത്തി ഡിഫന്റേഴ്‌സിന്റെ കുതിപ്പിന് വേഗം കൂട്ടി. റയാന്‍ മീഹാന്റെ തകര്‍പ്പന്‍ ബ്ലോക്കില്‍ 15-11ന് അഞ്ചാം സെറ്റും മത്സരവും അഹമ്മദാബാദ് നേടി. ഇന്ന് നടക്കുന്ന മത്സരത്തില്‍ അഹമ്മദാബാദ് ഡിഫന്റേഴ്‌സ് ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സിനെ നേരിടും. വൈകിട്ട് 7ന് ഹൈദരാബാദിലെ ഗച്ചിബൗളി ഇൻഡോർ സ്‌റ്റേഡിയത്തിലാണ് മത്സരം.